ഭീകരവാദം അവസാനിപ്പിക്കുന്നതിന് വേണ്ടി ഇന്ത്യ സഖ്യവും കോൺഗ്രസും പ്രവർത്തിക്കുമെന്ന് ജയറാം രമേശ്
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കോൺഗ്രസും ഇൻഡ്യ മുന്നണിയും തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ഭീകരാവാദ പ്രവർത്തനങ്ങൾ വർധിക്കുന്നതിന്റെ ഭാഗമാണ് പൂഞ്ചിലെ ആക്രമണമെന്നും ജയറാം രമേശ് പറഞ്ഞു.
ജമ്മു കശ്മീരിലെ സുരൻകോട്ട് മേഖലയിലെ ഷാസിതാറിന് സമീപം ശനിയാഴ്ച വൈകുന്നേരം നടന്ന ആക്രമണത്തിൽ അഞ്ച് ഐഎഎഫ് ജവാന്മാർക്ക് പരിക്കേൽക്കുകയും ഒരാൾ മരണത്തിന് കീഴടങ്ങുകയും ചെയ്തു. അതേസമയം ഭീകരരെ നിർവീര്യമാക്കാൻ ഷാസിതാർ, ഗുർസായി, സനായി, ശീന്ദര ടോപ്പ് എന്നിവയുൾപ്പെടെ പല മേഖലകളിലും സൈന്യത്തിന്റെയും പോലീസിന്റെയും സംയുക്ത ഓപ്പറേഷൻ നടക്കുന്നുണ്ടെന്ന് സേന വൃത്തങ്ങൾ അറിയിച്ചു.
ഭീകരാക്രമണത്തെ അപലപിക്കുന്നുവെന്നും തീവ്രവാദത്തിനെതിരെ ഒരുമിച്ച് നിൽക്കാൻ രാജ്യത്തോടൊപ്പം ചേരുന്നുവെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കഴിഞ്ഞ ദിവസം എക്സിൽ കുറിച്ചിരുന്നു.
ജമ്മു കശ്മീരിലെ പൂഞ്ചിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണം വളരെ ലജ്ജാകരവും ദുഃഖകരവുമാണെന്ന് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രതികരിച്ചിരുന്നു.