വിദേശ രാജ്യങ്ങിലെ ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം 8,330 ആണെന്നാണ് കേന്ദ്ര സർക്കാർ പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. തടവുകാരിൽ ഭൂരിഭാഗവും യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങ ളിലാണുള്ളത്. പുറത്തുവിട്ട കണക്കുകൾ പ്രകാരം ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ ജയിലുകളിൽ 4,630 ഇന്ത്യൻ തടവുകാരുണ്ട്. ഇതിൽ 1,611 തടവുകാരുള്ള യു.എ.ഇയിലാണ് ഏറ്റവും കൂടുതൽ. സൗദി അറേബ്യയിൽ 1,461 ഉം, ഖത്തറിൽ 696 ഉം തടവുകാരുണ്ട്.
ഹോങ്കോങ്, യു.എ.ഇ, യു.കെ, റഷ്യ, ഇറാൻ, ഖത്തർ എന്നിവയുൾപ്പെടെ 31 രാജ്യങ്ങളുമായി തടവുകാരെ കൈമാറുന്നതിനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ചൂണ്ടിക്കാട്ടി. ശിക്ഷിക്കപെട്ട വ്യക്തികളുടെ കൈമാറ്റം സംബന്ധിച്ച രണ്ട് കരാറുകളിലും ഒപ്പുവെച്ചിട്ടുണ്ട്. അമേരിക്കയുമായും യൂറോപ്യൻ യൂനിയനുമായാണ് കരാറുള്ളത്. ഈ ഉടമ്പടികളിലൂടെ, അംഗരാജ്യങ്ങളിലെ ശിക്ഷിക്കപ്പെട്ട വ്യക്തികൾക്ക് അവരുടെ ശേഷിക്കുന്ന ജയിൽശിക്ഷ പൂർത്തിയാക്കാൻ അവരുടെ മാതൃരാജ്യങ്ങളിലേക്ക് മാറ്റാൻ അഭ്യർഥിക്കാവുന്നതാണ്. ഇന്ത്യൻ തടവുകാരുടെ സുരക്ഷ, ക്ഷേമം എന്നിവക്ക് കേന്ദ്ര സർക്കാർ ഏറ്റവും ഉയർന്ന പരിഗണനയാണ് നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.