അതൃപ്തി അറിയിച്ച് സര്‍ക്കാര്‍; ജോഷിമഠ് ഇടിഞ്ഞ് താഴുന്നുവെന്ന റിപ്പോര്‍ട്ട് പിന്‍വലിച്ച് ഐഎസ്ആര്‍ഒ

Update: 2023-01-14 07:45 GMT

ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി ഇടിഞ്ഞു താഴുന്നത് ദ്രുതഗതിയിലായെന്ന റിപ്പോർട്ട് ഐഎസ്ആര്‍ഒ പിൻവലിച്ചു. തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനാലാണു വെബ്സൈറ്റില്‍നിന്നു നീക്കിയതെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. ഒഴിപ്പിക്കല്‍ നടപടി തുടരുന്നതിനിടെ ആശങ്കാജനകമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിൽ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അതൃപ്തി അറിയിച്ചിരുന്നു. ‌

2022 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള ഏഴ് മാസത്തിനിടെ ജോഷിമഠിലെ ഭൂമി 9 സെന്റീമീറ്റർ ഇടിഞ്ഞുതാണിരുന്നു. ഡിസംബർ 27 മുതല്‍ 12 ദിവസം കൊണ്ട് ഒറ്റയടിക്ക് 5.4 സെന്റീമീറ്ററിന്റെ ഇടിവുണ്ടായെന്നും ഐഎസ്ആർഒയുടെ നാഷനൽ റിമോട്ട് സെൻസിങ് സെന്റർ (എൻആർഎസ്‌സി) കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്ന‌ു പിന്‍വലിച്ചത്.

അതിനിടെ, ജോഷിമഠ് പ്രതിസന്ധിയെക്കുറിച്ചു മാധ്യമങ്ങളുമായി സംസാരിക്കില്ലെന്നു ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കുറിപ്പിറക്കി. 'സർക്കാർ സംവിധാനങ്ങളിറക്കുന്ന ഡേറ്റ സമൂഹമാധ്യമത്തിലൂടെ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുണ്ടെന്നും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാകുന്നുവെന്നും ജനുവരി 12ലെ ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള യോഗത്തിൽ ഉയർന്നുവന്നിരുന്നു.' കുറിപ്പിൽ പറയുന്നു. ഈ യോഗത്തിനുശേഷം മാധ്യമങ്ങളുമായി സംസാരിക്കരുതെന്ന് ശാസ്ത്രജ്ഞർക്കും നിർദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

Tags:    

Similar News