മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം 5 ദിവസത്തേക്ക് കൂടി നീട്ടി

Update: 2023-06-01 01:18 GMT

മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം നീട്ടി. 5 ദിവസത്തേക്ക് കൂടിയാണ് നീട്ടിയത്. മെയ് 3 മുതൽ സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം നിലനിൽക്കുന്നുണ്ട്. വ്യാജവാർത്തകൾ തടയാനാണ് നടപടിയെന്ന് അധികൃതർ വിശദീകരണം നൽകി. അതേ സമയം  സൈന്യത്തിന്റെയും അർധസൈനിക വിഭാഗങ്ങളുടെയും ഇടപെടലിൽ മണിപ്പൂർ വീണ്ടും ശാന്തമാകുന്നു എന്നാണ് ഏറ്റവുമൊടുവിൽ പുറത്തു വന്ന റിപ്പോർട്ട്. 18 മണിക്കൂറിലേറെയായി അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. മെയ്തെയ് വിഭാഗം ന്യൂനപക്ഷമായ മേഖലകളിൽ കൂടുതൽ സൈന്യത്തെ നിയോഗിച്ചു. ന്യൂ ചെക്കോൺ മേഖലയിൽ ഭൂരിഭാഗം കടകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.

മുൻ എംഎൽഎയുടെ നേതൃത്വത്തിൽ ന്യൂ ചെക്കോണിൽ കടകൾ അടപ്പിക്കാൻ ശ്രമിച്ചതാണ് വീണ്ടും കലാപസമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നാണ് വിവരം. ഇതിന് മറുപടിയായി മറുവിഭാഗം ആളൊഴിഞ്ഞ വീടുകൾക്ക് വ്യാപകമായി തീയിട്ടു. ഒരു പള്ളിക്കും തീയിട്ടു. ഇതോടെ സംഘർഷം ഇന്നലെ വൈകുന്നേരം തലസ്ഥാനമായ ഇംഫാലിന് പുറത്തേക്ക് വ്യാപിച്ചു. ബിഷ്ണുപൂർ ജില്ലയിലെ മൊയ്റാങ്ങിൽ വർക് ഷോപ്പിന് അക്രമികൾ തീയിട്ടു. കരസേനയും പൊലീസും ചേർന്ന് ഏഴുപേരെ പിടികൂടി. സിംഗിൾ ബാരൽ തോക്കുമായും ഒരാൾ പിടിയിലായിട്ടുണ്ട്.

Tags:    

Similar News