ചന്ദ്രനെ തൊടാൻ ഇന്ത്യ; ചാന്ദ്രയാൻ 3ന്റെ സോഫ്റ്റ് ലാൻഡിങ് ഇന്ന്, ദൗത്യം മറ്റാരും കടന്നു ചെന്നിട്ടില്ലാത്ത ദക്ഷിണധ്രുവത്തിലേക്ക്

Update: 2023-08-23 04:18 GMT

ചന്ദ്രനെ തൊടാൻ ഇന്ത്യ. ചന്ദ്രോപരിതലത്തിൽ നിന്നു 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ചാന്ദ്രയാൻ-3 പേടകം ഇന്ന് വൈകിട്ട് 6.04 ന് ചന്ദ്രനിലിറങ്ങും. 5.45ന് ചന്ദ്രോപരിതലത്തിൽ നിന്ന് ലാൻഡർ താഴ്ത്താനാരംഭിക്കും. ലാൻഡർ ഇറങ്ങി ഏതാനും മിനിറ്റുകൾക്കുള്ളിൽ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങൾ ഓർബിറ്റർ വഴി ഭൂമിയിലെ കൺട്രോൾ സെന്ററിലെത്തുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ലാൻഡിങ്ങിനുള്ള സ്ഥലം അനുയോജ്യമല്ലെന്ന് ലാൻഡറിന് തോന്നിയാൽ ദൗത്യം ഓഗസ്റ്റ് 27ലേക്ക് നീട്ടുമെന്ന സൂചനയും ഇസ്‌റോ നൽകുന്നുണ്ട്. നാല് ഘട്ടങ്ങളായാണ് ലാൻഡറിനെ സോഫ്റ്റ്‌ലാൻഡ് ചെയ്യിക്കുക. 30 കിലോമീറ്റർ ഉയരത്തിൽ 1.68 കിലോമീറ്റർ വേഗത്തിൽ ലാൻഡ് ചെയ്യിക്കാനാണ് ശ്രമം. അവസാനവട്ട പ്രോഗ്രാമും ഡേറ്റയും ലാൻഡറിലേക്ക് അപ്ലോഡ് ചെയ്തു.

നാളിതുവരെ പുറത്തുവരാത്ത ചാന്ദ്ര രഹസ്യങ്ങൾ ചുരുളഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചന്ദ്രൻറെ ദക്ഷിണധ്രുവത്തോട് ചേർന്നുള്ള ഭാഗത്ത് ചന്ദ്രയാൻ സോഫ്റ്റ് ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നത്. തണുത്തുറഞ്ഞ ജല കണികകൾ ഏറെയുണ്ടെന്ന് കരുതുന്ന,ചന്ദ്രൻറെ തെക്കൻ ധ്രുവത്തിൽ , പ്രപഞ്ചോല്പത്തിയിലേക്ക് നയിക്കുന്ന നിഗൂഢ രഹസ്യങ്ങളും തേടിയുള്ള ഒരു യാത്ര കൂടിയാണ് ചന്ദ്രയാൻ മൂന്ന്. ശാസ്ത്ര,സാങ്കേതിക വിദ്യകൾ ഏറെ വളർന്ന കാലത്ത്, ചാന്ദ്ര മധ്യരേഖ പ്രദേശത്ത് അനായാസം ചെന്നിറങ്ങാവുന്ന ദൗത്യങ്ങൾ ഏറെ ലോകം കണ്ടിട്ടുണ്ട്. പക്ഷേ ധ്രുവ പ്രദേശങ്ങളുടെ ചേർന്നുള്ള ഭാഗങ്ങളിൽ നേരിട്ട് ഇറങ്ങിയുള്ള പര്യവേഷണങ്ങൾ ഇന്നുവരെ നടന്നിട്ടില്ല. 1968 ജനുവരി 10ന് നാസ വിക്ഷേപിച്ച സർവ്വേയർ സെവൻ 40 ഡിഗ്രി ലാറ്റിഡ്യൂട്ടിൽ ഇറങ്ങിയതും . ഭൂമിയെ അഭിമുഖീകരിക്കാത്ത ചന്ദ്രൻറെ വിദൂരഭാഗത്ത് ചൈനയുടെ ആദ്യ ബഹിരാകാശ പേടകം ചാങ് 4, 45 ഡിഗ്രി ലാറ്റിറ്റൂഡിൽ ചെന്നിറങ്ങി.

ചാന്ദ്ര മധ്യരേഖയിൽ നിന്ന് ഏറ്റവും അകന്നു ചെന്നിറങ്ങിയ പര്യവേഷണങ്ങൾ ഇതാണ്. ദക്ഷിണ ദ്രുവത്തോട് ചേർന്ന് 70° അക്ഷാംശത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യാനാണ് ചന്ദ്രയാൻ മൂന്നിൻറെ ലക്ഷ്യം. ചാന്ദ്ര മധ്യരേഖ പ്രദേശത്തുനിന്ന് വിഭിന്നമായി, വലിയ ഗർത്തങ്ങളും കിടങ്ങുകളും ഒട്ടനവധിയുണ്ട് ധ്രുവ പ്രദേശങ്ങളിൽ. അതിനേക്കാൾ ഉപരിയായി സൂര്യ വെളിച്ചം നാളിതുവരെ നേരിട്ട എത്തിയിട്ടില്ലാത്ത മേഖലകളും ഏറെയുണ്ട്. ചന്ദ്രനിൽ തണുത്തുറഞ്ഞ ജല സാന്നിധ്യം ഏറെയുണ്ടെന്ന് കരുതുന്ന ദക്ഷിണ ധ്രുവത്തിലെ പര്യവേഷണം, വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കും എന്നാണ് ശാസ്ത്രലോകം കരുതുന്നത്. ദക്ഷിണ ദ്രുവത്തിലെ ഉപരിതല പ്ലാസ്മയുടെ പരീക്ഷണങ്ങൾ വരുംകാല ചാന്ദ്ര പര്യവേഷണങ്ങൾക്ക് മുതൽക്കൂട്ടാകും. മൈനസ് 230 ഡിഗ്രി വരെ തണുത്തുറഞ്ഞ മേഖലയിലെ പരീക്ഷണങ്ങൾ , ഭൂമിയിൽ നിന്ന് മറ്റ് ഗ്രഹങ്ങളിലേക്കുള്ള യാത്രയ്ക്കിടെ ചന്ദ്രോപരിതലം ഇടത്താവളം ആക്കാൻ സാധിക്കുമോ എന്ന വലിയ ചോദ്യത്തിനുള്ള ഉത്തരത്തിലേക്ക് വിരൽചൂണ്ടും. പ്രതിസന്ധികൾ ഏറെയുണ്ടെന്ന് തിരിച്ചറിയുമ്പോഴും ദക്ഷിണധ്രുവത്തിലേക്ക് കടന്നു ചെല്ലാൻ ചന്ദ്രയാൻ മൂന്നിനെ പ്രേരിപ്പിക്കുന്നത്, പ്രപഞ്ച രഹസ്യങ്ങൾ തേടിയുള്ള യാത്രയുടെ മുൻനിരയിൽ നിന്ന് നയിക്കുക എന്ന സ്വപ്നവും ചേർത്തുവച്ചാണ്.

Tags:    

Similar News