അരുണാചൽ പ്രദേശിൽ കരസേന ഹെലികോപ്റ്റർ തകർന്നു വീണു. ഇക്കാര്യം സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റർ മണ്ഡാല വനമേഖലയിൽ തകർന്നതായാണ് വിവരം. രാവിലെ 9.15 ഓടെ ഹെലികോപ്റ്ററുമായി ബന്ധം നിലച്ചിരുന്നു. രണ്ട് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.
പർവത മേഖലയിൽ ബോംണ്ടി എന്ന സ്ഥലത്താണ് ഇത് തകർന്നുവീണതെന്ന് കരുതുന്നു. പൈലറ്റുമാർക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. പർവത മേഖലകളിൽ പറക്കാൻ സാധിക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്തതാണ് ചീറ്റ ഹെലികോപ്റ്റർ. 12.92 മീറ്റർ നീളവും 2.38 മീറ്റർ വീതിയും ഉള്ള ഹെലികോപ്റ്ററിന്റെ ഉയരം 3.09 മീറ്ററാണ്. പരമാവധി അഞ്ച് പേർക്ക് ഈ ഹെലികോപ്റ്ററിൽ യാത്ര ചെയ്യാനാവും.