ജമ്മു കശ്മീരില്‍ ഇന്ത്യ സഖ്യത്തിന്റെ കുതിപ്പ്; ഒമർ അബ്ദുള്ള മുഖ്യമന്ത്രിയാകും
നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ജമ്മു കശ്മീരില്‍ ഇന്ത്യ സഖ്യം അധികാരത്തിലേക്ക്. 90 അംഗ നിയമസഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യം 49 സീറ്റുകളിലാണ് മുന്നേറുന്നത്. 27 സീറ്റില്‍ വിജയിച്ച മുന്നണി 22 സീറ്റില്‍ ലീഡ് ചെയ്യുന്നു. ബിജെപി 10 സീറ്റില്‍ വിജയിച്ചപ്പോള്‍, 19 ഇടത്ത് ലീഡു ചെയ്യുന്നു. ആകെ 29 മണ്ഡലങ്ങളിലാണ് ബിജെപി മുന്നേറ്റം.
കശ്മീര്‍ താഴ്‌വര മേഖല നാഷണല്‍ കോണ്‍ഫറന്‍സിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി തൂത്തു വാരിയപ്പോള്‍ ജമ്മു മേഖലയിലാണ് ബിജെപിക്ക് പിടിച്ചു നില്‍ക്കാനായത്. മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പിഡിപി രണ്ടിടത്ത് മാത്രമായി ഒതുങ്ങി. മെഹബൂബയുടെ മകള്‍ ഇല്‍തിജ മുഫ്തി സ്രിഗുഫ്വാര- ബ്രിജ് ബെഹാര മണ്ഡലത്തില്‍ പരാജയപ്പെട്ടു. എട്ടു മണ്ഡലങ്ങളില്‍ സ്വതന്ത്രരാണ് ലീഡ് ചെയ്യുന്നത്.
നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള ബുദ്ഗാം മണ്ഡലത്തില്‍ വിജയിച്ചു. ഗന്ദേര്‍ബാല്‍ മണ്ഡലത്തില്‍ ഒമര്‍ അബ്ദുള്ള ലീഡ് ചെയ്യുകയാണ്. കുല്‍ഗാമില്‍ സിപിഎമ്മിന്റെ മുഹമ്മദ് യൂസഫ് തരിഗാമിയും വിജയിച്ചു. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് താരിഖ് ഹമീദ് കാര, ഗുലാം അഹമ്മദ് മിര്‍ തുടങ്ങിയവര്‍ ലീഡ് ചെയ്യുകയാണ്. അതേസമയം ബിജെപി സംസ്ഥാന പ്രസിഡന്റ് രവീന്ദര്‍ റെയ്‌ന, സജ്ജാദ് ഗനി ലോണ്‍ തുടങ്ങിയവര്‍ പിന്നിലാണ്.
ജനങ്ങള്‍ അവരുടെ തീരുമാനം വ്യക്തമാക്കിയിരിക്കുകയാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ഓഗസ്റ്റ് 5 ലെ തീരുമാനം ജനങ്ങള്‍ അംഗീകരിക്കുന്നില്ല എന്നാണ് ജനവിധി തെളിയിക്കുന്നത്. ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയാകുമെന്നും ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി.