വിദ്യാഭ്യാസ, തൊഴിൽ യോഗ്യതകൾക്ക് അംഗീകാരം നൽകുന്ന പുതിയ കരാറിന് ഇന്ത്യയും ഓസ്ട്രേലിയയും തുടക്കമിട്ടു. 'ഫ്രെയിംവർക് മെക്കാനിസം ഫോർ മ്യൂച്വൽ റെക്കഗ്‌നിഷൻ ഓഫ് ക്വാളിഫിക്കേഷൻ' ധാരണാപത്രം കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാനും ഓസ്ട്രേലിയൻ വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയറും ഒപ്പിട്ടു.
ഇന്ത്യയിലെ കോളജുകളിൽ നിന്നുള്ള കോഴ്സുകൾക്ക് ഓസ്ട്രേലിയയിൽ അംഗീകാരം ലഭിക്കുന്നത് ഗുണകരമാണ്. ഓൺലൈൻ കോഴ്സുകൾ ഉൾപ്പെടെയുള്ളവയ്ക്കും അംഗീകാരം ലഭിക്കും. എന്നാൽ, എൻജിനീയറിങ്, മെഡിസിൻ, നിയമം എന്നീ മേഖലകളിലെ കോഴ്സുകൾക്ക് പുതിയ കരാറിന്റെ ആനുകൂല്യം ലഭിക്കില്ലെന്നാണു വിവരം. യോഗ്യതകൾക്കു വേണ്ടത്ര അംഗീകാരം ലഭിക്കുന്നതോടെ പഠനത്തിനും ജോലിക്കുമായി കൂടുതൽ യുവാക്കൾക്ക് ഓസ്ട്രേലിയയിലേക്ക് എളുപ്പത്തിൽ എത്താൻ സാധിക്കും.
ഓസ്ട്രേലിയയിലെ വോളഗോങ് യൂണിവേഴ്സിറ്റിയുടെ ക്യാംപസ് ഈ വർഷം അവസാനത്തോടെ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ പ്രവർത്തനമാരംഭിക്കുമെന്നും ജേസൺ ക്ലെയർ പറഞ്ഞു. സയൻസ്, ടെക്നോളജി, എൻജിനീയറിങ്, കണക്ക് (സ്റ്റെം), ഫിനാൻസ് മേഖലയിലുള്ള കോഴ്സുകളിൽ വിദ്യാർഥികൾക്കു പ്രവേശനം നൽകും. ഡീകിൻ യൂണിവേഴ്സിറ്റിയും പ്രവർത്തനം തുടങ്ങുമെങ്കിലും കോഴ്സുകൾ എന്നു തുടങ്ങുമെന്നു വ്യക്തമല്ല. ഈ മാസം എട്ടിന് അഹമ്മദാബാദ് സന്ദർശിക്കുന്ന ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ഇക്കാര്യങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കും.