എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കാനഡയോട് ഇന്ത്യ

Update: 2023-11-06 01:57 GMT

ഖലിസ്ഥാനി വിഘടനവാദി സംഘടന സിഖ് ഫോര്‍ ജസ്റ്റിസിന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിക്കാന്‍ കാനഡയോട് ആവശ്യപ്പെട്ട് ഇന്ത്യ. കാനഡയിലേക്കും തിരിച്ച്‌ ഇന്ത്യയിലേക്കും പോകുന്ന എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. 

19-ന് എയര്‍ ഇന്ത്യ വിമാനത്തില്‍ സിഖുകാര്‍ യാത്ര ചെയ്യരുതെന്നും അതു ജീവന്‍ അപകടത്തിലാക്കുമെന്നും നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്.എഫ്.ജെ.) തലവന്‍ ഗുര്‍പത്വന്ത് സിങ് പന്നൂന്‍ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പുറത്തുവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.

കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് വര്‍മ്മയാണ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കാന്‍ കനേഡിയന്‍ അധികൃതരോട് നിര്‍ദേശിച്ചിരിക്കുന്നത്. കനേഡിയന്‍ നഗരങ്ങളായ ടൊറന്റോയിലേക്കും വാന്‍കോവറിലേക്കും ഉള്‍പ്പെടെ എയര്‍ ഇന്ത്യക്ക് വിമാന സര്‍വീസുകളുണ്ട്.

അതേസമയം ഖലിസ്ഥാനി വിഘടനവാദി സംഘടനാ നേതാവിന്റെ വിഡിയോയുടെ ഉള്ളടക്കം വിശദമായി പരിശോധിച്ചെന്നും ചിക്കാഗോ കണ്‍വെന്‍ഷന്റെ ലംഘനമാണ് വിഡിയോയെന്നും സഞ്ജയ് വര്‍മ്മ പറഞ്ഞു. വ്യോമയാന ഗതാഗതത്തിനുള്ള ചട്ടങ്ങളാണ് ചിക്കാഗോ കണ്‍വെന്‍ഷനില്‍ രൂപീകരിച്ചത്. ഇന്ത്യയും കാനഡയും കണ്‍വെന്‍ഷന്‍ ചട്ടങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്.ഇതുകൂടാതെ ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി കരാറിലും ഇത്തരം ഭീഷണികള്‍ നേരിടാന്‍ വ്യവസ്ഥകളുണ്ടെന്നും ഇന്ത്യന്‍ ഹൈകമീഷണര്‍ അറിയിച്ചു.


Tags:    

Similar News