77-ാമത് സ്വതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ രാജ്യത്ത് അവസാന ഘട്ടത്തിലാണ്. 10,000ത്തിലധികം പൊലീസുകാരെ നഗരത്തിലുടനീളം വിന്യസിക്കുമെന്നും രാജ്യ തലസ്ഥാനം സുരക്ഷിതമാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.ആഘോഷവേളകളില്‍ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്. പ്രധാന ചടങ്ങുകള്‍ നടക്കുന്ന ചെങ്കോട്ടയില്‍ ഇന്നും വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്‌സലുകള്‍ നടക്കും. ഇന്ത്യ പാക്കിസ്ഥാന്‍ വിഭജനത്തിന്റെ മുറിവുകളുടെ ഓര്‍മ ദിനമായി ആചരിക്കാന്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കിയിട്ടുണ്ട്. ഡൽഹിയിലുള്‍പ്പടെ വിവിധ സംസ്ഥാനങ്ങളിലായി പ്രദര്‍ശനങ്ങളും സെമിനാറുകളും കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിക്കുന്നുണ്ട്.
രാഷ്ട്രപതി ദ്രൗപതി മുര്‍മു വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. ഈ വര്‍ഷത്തെ വിവിധ പൊലീസ് മെഡലുകളും, സേനാ മെഡലുകളും ഇന്ന് പ്രഖ്യാപിക്കും.സ്വാതന്ത്ര്യദിന ചടങ്ങിന്റെ സുരക്ഷാ ചുമതല ഡല്‍ഹി പൊലീസിന് ഏറ്റെടുക്കാനായതില്‍ അഭിമാനമുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സുമന്‍ നാല്‍വ പറഞ്ഞു.
നഗരത്തിലുടനീളം യാതൊരുവിധത്തിലുമുള്ള തടസങ്ങളില്ലാതെ ആഘോഷങ്ങള്‍ ഉറപ്പാക്കാന്‍ മതിയായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന വേദിയായ ചെങ്കോട്ടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യ ദിന പരിപാടിക്കായി പോകുന്ന വഴിയിലുമായാണ് 10,000ത്തിലധികം പൊലീസുകാരെ വിന്യസിച്ചിട്ടുള്ളത്. ആന്റിസാബോട്ടേജ് ചെക്ക്, ആക്‌സസ് കണ്‍ട്രോള്‍, ആന്റി ടെറര്‍ സ്‌ക്വാഡ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.