നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്; സുപ്രധാന പ്രതി പിടിയില്‍

Update: 2024-07-12 01:46 GMT

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസില്‍ സുപ്രധാന പ്രതി പിടിയില്‍. റോക്കി എന്ന രാകേഷ് രഞ്ജനെ സിബിഐ അറസ്റ്റ് ചെയ്തത്.


പാട്‌നയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിനു പിന്നാലെ അന്വേഷണ സംഘം പാട്‌നയിലേയും കൊല്‍ക്കത്തയിലേയും വിവിധ സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തി. തുടര്‍ന്ന് നിരവധി രേഖകള്‍ പിടിച്ചെടുത്തു. ചോദ്യം ചെയ്യലിനായി രാകേഷ് രാജനെ 10 ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. 


റോക്കി എന്ന രാകേഷ് രാജന്‍ റാഞ്ചിയില്‍ ഹോട്ടല്‍ നടത്തുകയാണ്. ഇയാളാണ് നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ത്തിയത്. കൂടാതെ പരീക്ഷ എഴുതാനായി നിരവധി എംബിബിഎസ് വിദ്യാര്‍ത്ഥികളേയും ഇയാള്‍ ആവശ്യക്കാര്‍ക്കായി എത്തിച്ചുകൊടുത്തിരുന്നു.


ഈ കേസുമായി ബന്ധപ്പെട്ട് റോക്കി ഉള്‍പ്പെടെ എട്ട് പേരെയാണ് സിബിഐ ഇത് വരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. രാജ്യത്തുടനീളമുള്ള പരീക്ഷ ചോദ്യപേപ്പർ റാക്കറ്റിനെക്കുറിച്ച്‌ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ സംഘം ഇതുവരെ ആറ് എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.


നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത വ്യാഴാഴ്ചയിലേക്ക് മാറ്റി. നീറ്റ് പുനഃപരീക്ഷ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികളില്‍ നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിയും കേന്ദ്രസര്‍ക്കാരും സത്യവാങ് മൂലം സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ കേസിലെ കക്ഷികള്‍ക്ക് ഇതു പരിശോധിക്കാന്‍ സമയം ലഭിച്ചിട്ടില്ലാത്തതിനാല്‍, ഹര്‍ജി പരിഗണിക്കുന്നത് ജുലൈ 18 ലേക്ക് മാറ്റുന്നതായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു.

Tags:    

Similar News