വിദ്യാർഥി വീസാ പരിശോധന കർശനമാക്കി രാജ്യങ്ങൾ; ലക്ഷ്യം കുടിയേറ്റ നിയന്ത്രണം

Update: 2023-12-07 02:50 GMT

കുടിയേറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണു യുകെ വിദ്യാർഥികളുടെ വീസാ വ്യവസ്ഥകളിൽ ഉൾപ്പെടെ മാറ്റം വരുത്താൻ തീരുമാനിച്ചിരിക്കുന്നത്. കാനഡ, ഓസ്ട്രേലിയ തുടങ്ങി പല രാജ്യങ്ങളും സമാന ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും തീരുമാനങ്ങളെടുത്തിട്ടില്ല. അതേസമയം, ഇന്ത്യൻ വിദ്യാർഥികൾക്കു വീസ അനുവദിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പുതിയ പല മാനദണ്ഡങ്ങളും പല രാജ്യങ്ങളും കൊണ്ടുവന്നിരുന്നു.


കാനഡ: വിദ്യാർഥി വീസ അനുവദിക്കുന്നതിനു മുൻപുള്ള പരിശോധന ഈ മാസം പ്രാബല്യത്തിലായി. വിദ്യാർഥികൾക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന ഓഫർ ലെറ്റർ യഥാർഥമാണോയെന്ന് കാനഡ ഇമിഗ്രേഷൻ ഏജൻസിയായ ഐആർസിസി നേരിട്ടു പരിശോധിച്ചുറപ്പിക്കും. വ്യാജ ഓഫർ ലെറ്റർ വഴി റിക്രൂട്ടിങ് ഏജൻസികൾ വിദ്യാർഥികളെ വഞ്ചിക്കുന്നതു തടയാനാണിത്. വ്യാജ ഓഫർ ലെറ്ററുമായി വിദ്യാർഥി വീസ നേടിയ എഴുനൂറോളം പഞ്ചാബി വിദ്യാർഥികളെ നാടുകടത്താൻ കാനഡ ഈ വർഷമാദ്യം തീരുമാനിച്ചിരുന്നു. ബിരുദാനന്തര വർക്ക് പെർമിറ്റ് (പിജിഡബ്ല്യുപി) അനുവദിക്കുന്നതിലും ഇടപെടാൻ ഐആർസിസി തീരുമാനിച്ചിട്ടുണ്ട്.


ഇന്ത്യ–കാന‍ഡ നയതന്ത്രബന്ധം മോശമായതിനു പിന്നാലെ കാനഡയിലേക്കുള്ള സ്റ്റഡി വീസയുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ജൂലൈ – ഒക്ടോബർ കാലയളവിൽ വീസ അപേക്ഷകൾ 40% കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,45,881 വീസയാണ് അനുവദിച്ചതെങ്കിൽ ഇക്കൊല്ലമത് 86,562 ആയി ചുരുങ്ങി.


ജർമനി: ഇന്ത്യൻ വിദ്യാർഥികളുടെ വീസ അപേക്ഷയ്ക്കൊപ്പം വ്യാജ രേഖകൾ കണ്ടെത്തിയതോടെ കഴിഞ്ഞവർഷം നവംബറിൽ ഡൽഹിയിൽ ജർമനി അക്കാദമിക് ഇവാലുവേഷൻ സെന്റർ (എപിഎസ്) തുറന്നു. രേഖകൾ ഇവിടെ സമർപ്പിച്ചു വിലയിരുത്തി സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ തുടർനടപടികൾ സ്വീകരിക്കാനാകൂ. വീസ നടപടികൾ പൂർത്തിയാക്കാനുള്ള സമയം കൂടിയെന്നു പരാതി ഉയർന്നെങ്കിലും ഇതു പരിഹരിക്കാനുള്ള പല നടപടികളും സ്വീകരിച്ചിട്ടുണ്ട്.

Tags:    

Similar News