'കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ വെള്ളം കോരുന്ന തൊട്ടി വരെ എടുത്ത് കൊണ്ട് പോകും'; വിചിത്ര ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

Update: 2024-05-23 07:38 GMT

കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇൻഡ്യാ മുന്നണി അധികാരത്തിലെത്തിയാൽ വീട്ടിലെ വെള്ളം കോരുന്ന തൊട്ടിവരെ എടുത്തുകൊണ്ടു പോകുമെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ ശ്രാവസ്തിയിൽ ബിജെപി തെരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ ആരോപണം. ബാങ്ക് അക്കൗണ്ടിലെ പണവും കോൺഗ്രസുകാർ എടുത്തു കൊണ്ടു പോകുമെന്ന് പ്രധാനമന്ത്രി ആരോപിച്ചു.

'ഇക്കൂട്ടർ (കോൺഗ്രസുകാർ) നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പൂട്ടിച്ച് പണവുമായി മുങ്ങും. മോദി എല്ലാ ഗ്രാമത്തിലും വൈദ്യുതി എത്തിച്ചു. ഇവർ വൈദ്യുതി ബന്ധം വിച്ഛേദിച്ച് വീടുകളെ ഇരുട്ടിലാക്കും. മോദി വീടു തോറും വെള്ളമെത്തിക്കുന്നു. കോൺഗ്രസുകാർ നിങ്ങളുടെ വീട്ടിലെ വെള്ളം കോരുന്ന തൊട്ടി കൂടി എടുത്തു കൊണ്ടുപോകും. അക്കാര്യത്തിൽ അവർക്ക് വൈദഗ്ധ്യമുണ്ട്.' - എന്നായിരുന്നു മോദിയുടെ പ്രസംഗം.

ഇൻഡ്യാ സഖ്യത്തിൽ അർബുദത്തേക്കാൾ വലിയ രോഗമുണ്ടെന്നും മോദി കുറ്റപ്പെടുത്തി. ഇത് വളർന്നു വളർന്ന് ഇന്ത്യയെ മുഴുവൻ ഗ്രസിക്കും. ഇതിൽ ഒന്നാമത്തേത് വർഗീയതയാണ്. രണ്ടാമത്തേത് ജാതിവാദമാണ്. മൂന്നാമത്തേത് കുടുംബവാദവും. ഇത് മൂന്നു രോഗവും രാജ്യത്തിന് അർബുദത്തേക്കാൾ മാരകമാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസംഗത്തിനെതിരെ കോൺഗ്രസ് രംഗത്തു വന്നിട്ടുണ്ട്. മോദി ഇങ്ങനെ നുണ പറയുന്നത് എന്തിനാണെന്ന് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ചോദിച്ചു. 'മോദിക്ക് എന്തു സംഭവിച്ചു? എന്താണ് നിങ്ങൾ പറയുന്നത്. ഇത് നിങ്ങൾക്ക് ചേർന്നതല്ല. ഇങ്ങനെ നുണ പറയരുത്. സനാധന ധർമമാണ് നിങ്ങളുടെ വഴി. കള്ളമല്ല'- അദ്ദേഹം എക്‌സിൽ കുറിച്ചു.

നേരത്തെ അലിഗറിലെ തെരഞ്ഞെടുപ്പ് റാലിയിൽ മോദി നടത്തിയ മംഗല്യസൂത്ര പരാമർശം വൻ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ സ്ത്രീകളുടെ താലിമാലയും ആഭരണങ്ങളും തട്ടിയെടുക്കാൻ ശ്രമിക്കുമെന്നായിരുന്നു മോദിയുടെ പ്രസംഗം.

'ആലോചിച്ചു നോക്കൂ, നമ്മുടെ അമ്മമാരുടെയും പെൺമക്കളുടെയും കൈവശം സ്വർണമുണ്ട്. ആളുകളിൽ മതിപ്പുണ്ടാക്കാൻ വേണ്ടി മാത്രമല്ല നമ്മൾ സ്വർണം അണിയുന്നത്. ഈ സ്വർണം അമ്മമാരുടെയും പെങ്ങന്മാരുടെയും ധനമാണ്. വിശുദ്ധമായാണ് ഇതിനെ പരിഗണിക്കുന്നത്. നിയമപരമായി അതിന് സംരക്ഷണവുമുണ്ട്. എന്നാൽ അവർ ഈ നിയമം മാറ്റി ഈ സ്വർണം പിടിച്ചെടുക്കാൻ ശ്രമിക്കുകയാണ്. നിങ്ങൾക്ക് രണ്ടു വീടുണ്ടെങ്കിൽ അതിലൊന്ന് കോൺഗ്രസ് കൈക്കലാക്കും. ഇത് മാവോയിസ്റ്റ് ചിന്തയാണ്. കമ്യൂണിസ്റ്റ് ആലോചനയാണ്. ഒരുപാട് രാജ്യങ്ങൾ അവർ ഇങ്ങനെ നശിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ കോൺഗ്രസും ഇൻഡ്യാ മുന്നണിയും ആ നയം ഇന്ത്യയിൽ നടപ്പാക്കാനാണ് ആഗ്രഹിക്കുന്നത്'- മോദി പറഞ്ഞു.

Tags:    

Similar News