സെബി ചെയർപേഴ്സണ് എതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് ; രാജ്യ വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്
സെബി ചെയർപേഴ്സണെതിരായ ഹിൻഡൻബർഗ് വെളിപ്പെടുത്തലിൽ രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ച് രാജിവെക്കണമെന്നും ആരോപണമുണ്ട്. സെബി മേധാവിക്കു അദാനി ബന്ധമുള്ള വിദേശ രഹസ്യ നിക്ഷേപമുണ്ടെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിൽ സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്നാണ് പ്രധാന ആവശ്യം. ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിലായിരുന്നു പ്രതിഷേധം.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തി. കൊച്ചിയിലെ ഇ.ഡി ഓഫീസിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ ബെന്നി ബഹനാൻ എം.പി ഉമ തോമസ് എം.എൽ.എ, റോജി എം.ജോൺ എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.
കോഴിക്കോട് കല്ലായിയിലെ ഇ.ഡി ഓഫീസിലേക്കാണ് കോൺഗ്രസ് മാർച്ച് നടത്തിയത്. മാർച്ച് ഓഫീസിന് മുന്നിൽ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ടി.എൻ പ്രതാപൻ മാർച്ച് ഉദ്ഘാടനം ചെയ്തു.