താൻ കോൺഗ്രസിന്റെ പ്രഥമിക അംഗത്വം രാജി വെച്ചിട്ടില്ല, മറ്റൊരു പാർട്ടിയിലേക്കും ഇല്ല ; അരവിന്ദർ സിങ് ലവ്‌ലി

Update: 2024-04-28 14:37 GMT

മറ്റൊരു പാർട്ടിയിലേക്കും ഇല്ലെന്ന് രാജിവെച്ച ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ അരവിന്ദർ സിങ് ലവ്‌ലി. താൻ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചിട്ടില്ലെന്നും അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയുമായുള്ള കൂട്ടുകെട്ടിൽ പ്രതിഷേധിച്ചാണ് പി.സി.സി സ്ഥാനം രാജിവെച്ചതെന്നും ലവ്‌ലി പറഞ്ഞു.

ഹർഷ് മൽഹോത്രയെ മാറ്റി ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ നിന്ന് ബിജെപി, ലവ്‌ലിയെ മത്സരിപ്പിക്കുമെന്ന് കോൺഗ്രസ് മുൻ എംഎൽഎ ആസിഫ് മുഹമ്മദ് ഖാൻ ആരോപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ഡൽഹി കോൺഗ്രസ് അധ്യക്ഷസ്ഥാനം മാത്രമാണ് താൻ രാജിവച്ചതെന്നും ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരുന്നില്ലെന്നും അദ്ദേഹം തന്റെ വസതിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

അഴിമതിക്കേസുമായി ബന്ധപ്പെട്ട് നിരവധി എ.എ.പി മന്ത്രിമാരെ ജയിലിലടച്ച കാര്യം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച കത്തിൽ ലവ്‌ലി ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാളിന്റെ പാർട്ടിയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കി. ഡൽഹി കോൺഗ്രസ് പ്രവർത്തകരുടെ താൽപര്യം സംരക്ഷിക്കാൻ കഴിയാത്തതിനെ തുടര്‍ന്നാണ് സ്ഥാനമൊഴിയുന്നതെന്നും ലവ്‌ലി കൂട്ടിച്ചേർത്തു.

2023 ആഗസ്റ്റ് 31നാണ് ഡല്‍ഹി പി.സി.സി അധ്യക്ഷനായി ലവ്‌ലിയെ നിയമിക്കുന്നത്. കഴിഞ്ഞ എട്ടുമാസമായി പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം വഹിക്കാനായതില്‍ സന്തോഷമുണ്ടെന്നും രാജികത്തില്‍ പറയുന്നുണ്ട്.

അതേസമയം ഡൽഹി പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിന്നാലെ തന്നെ അരവിന്ദർ സിങ് ലവ്‌ലിയെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങിയിരുന്നു. അരവിന്ദറുമായി സംസാരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കെ.സി വേണുഗോപാലിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്.

Tags:    

Similar News