'തനിക്ക് വലുത് ആത്മാഭിമാനം'; ഗുജറാത്തിൽ ബിജെപി എം.എൽ.എ കേതൻ ഇനാംദാർ രാജി വച്ചു

Update: 2024-03-19 11:33 GMT

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപി എംഎൽഎ കേതൻ ഇനാംദാർ രാജിവെച്ചു. ആത്മാഭിമാനമാണ് ഏറ്റവും വലുതെന്ന ഉൾവിളിയാണ് രാജിക്ക് പിന്നിലെന്ന് ഇനാംദാർ. കേതൻ ഇനാംദാർ തന്റെ രാജിക്കത്ത് നിയമസഭാ സ്പീക്കർ ശങ്കർ ചൗധരിക്ക് കൈമാറി. ആത്മാഭിമാനമാണ് ഏറ്റവും വലുതെന്ന് മനസ്സിലാക്കുന്നു. നീക്കം സമ്മർദ്ദ തന്ത്രമല്ലെന്നും വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ വഡോദര മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി രഞ്ജൻ ഭട്ടിന്റെ വിജയം ഉറപ്പാക്കാൻ താൻ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“വർഷങ്ങളായി ഒപ്പം നിൽക്കുന്ന ചെറുതും വലുതുമായ പ്രവർത്തകരെ പാർട്ടി ശ്രദ്ധിക്കുന്നില്ലെന്ന് എനിക്ക് കുറച്ചുകാലമായി തോന്നാൻ തുടങ്ങിയിട്ട്. ഞാൻ ഇത് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്” – ബിജെപി നേതാവ് പറഞ്ഞു. വഡോദര ജില്ലയിലെ സാവ്ലി മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എംഎൽഎയായ നേതാവാണ് അദ്ദേഹം. നേരത്തെ, 2020 ജനുവരിയിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നുവെങ്കിലും സ്പീക്കർ അംഗീകരിച്ചില്ല.

മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും മന്ത്രിമാരും തന്നെയും തന്റെ മണ്ഡലത്തെയും അവഗണിക്കുകയാണെന്ന് ആരോപിച്ചായിരുന്നു 2020-ൽ ഇനാംദാർ രാജി പ്രഖ്യാപിച്ചത്. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് അദ്ദേഹം ആദ്യമായി വിജയിച്ചത്. പിന്നീട് ബിജെപിയിൽ ചേർന്ന അദ്ദേഹം 2017ലും 2022ലും വിജയിച്ചു. 182 സീറ്റുള്ള ഗുജറാത്ത് നിയമസഭയിൽ ബിജെപിക്കു നിലവിൽ 156 അംഗങ്ങളുണ്ട്.

Tags:    

Similar News