'താനും പിതാവും ബിജെപിയിലേക്കില്ല'; നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവ് നകുൽ നാഥ് എം.പി

Update: 2024-03-01 07:49 GMT

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി മാറുമെന്ന അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ് എം.പി നകുൽ നാഥ്.താനോ തന്റെ പിതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ കമൽനാഥോ എതിരാളികളായ ബി.ജെ.പിയിൽ ചേരാൻ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ നിരവധി കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിലേക്ക് പോയതോടെ കമൽനാഥിനെയും മകനെയും ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾ ശക്തമായിരുന്നു.കമൽനാഥിന്റെ ഡൽഹി സന്ദർശനവും റിപ്പോർട്ടുകൾ നിഷേധിക്കാൻ ആദ്യം വിസമ്മതിച്ചതും ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു.

''അടുത്ത ഒന്നോ ഒന്നര മാസത്തിനകം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.ഞാനും കമൽനാഥും ബി.ജെ.പിയിലേക്ക് പോകുന്നു എന്ന തരത്തിൽ നിരവധി അഭ്യൂഹങ്ങൾ ബി.ജെ.പിക്കാർ പ്രചരിപ്പിക്കുന്നുണ്ട്. കമൽനാഥോ നകുൽനാഥോ ബി.ജെ.പിയിൽ ചേരാൻ പോകുന്നില്ലെന്ന് ഞാൻ വ്യക്തമാക്കട്ടെ''ചിന്ദ്വാര ജില്ലയിലെ നവേഗാവിൽ നടന്ന പൊതുയോഗത്തിൽ നകുൽനാഥ് പറഞ്ഞു. ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ ഈയിടെ കമല്‍നാഥ് നിഷേധിച്ചിരുന്നു. മാധ്യമഭ്രാന്ത് എന്നാണ് അദ്ദേഹം ഇത്തരം വാര്‍ത്തകളെ നിഷേധിച്ചത്. "നിങ്ങൾ ഇത് എപ്പോഴെങ്കിലും എന്റെ വായിൽ നിന്ന് കേട്ടിട്ടുണ്ടോ? എന്തെങ്കിലും സൂചന ലഭിച്ചോ? ഒന്നുമില്ല'' കമല്‍നാഥ് ചോദിച്ചു. നിങ്ങള്‍ മാധ്യമങ്ങള്‍ പലതും പറയുന്നു. മറ്റാരും ഇത് പറയുന്നില്ല.നിങ്ങള്‍ നിങ്ങള്‍ക്കിഷ്ടമുള്ളതുപോലെ വാര്‍ത്തകള്‍ കൊടുക്കുന്നു. എന്നിട്ട് അതിനെക്കുറിച്ച് എന്നോട് ചോദിക്കുന്നു. ആദ്യം നിങ്ങള്‍ തന്നെ അതിനെ തള്ളിക്കളയണം'' എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags:    

Similar News