ജെഡിഎസിന് കനത്ത തിരിച്ചടി; എച്ച്.ഡി കുമാരസ്വാമിയും നിഖിൽ കുമാരസ്വാമിയും പിന്നിൽ
കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ജെ.ഡി.എസിന് കനത്ത തിരിച്ചടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 37 സീറ്റുണ്ടായിരുന്ന ജെ.ഡി.എസിന് ഏറ്റവും പുതുതായി വന്ന ലീഡിങ് നില പ്രകാരം 24 സീറ്റിലേ ആധിപത്യം നിലനിർത്താൻ കഴിയുന്നുള്ളൂ. പുറമേ മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമിയും മകൻ നിഖിൽ കുമാരസ്വാമിയും അവരവരുടെ മണ്ഡലങ്ങളിൽ പിന്നിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ചന്നപട്ണ മണ്ഡലത്തിൽ പിന്നിൽ നിന്ന് ജനവിധി തേടുന്ന കുമാരസ്വാമി വോട്ടെണ്ണൽ അവസാന ലാപ്പിലെത്തുമ്പോഴും പിന്നിലാണ്. എക്സിറ്റ്പോൾ പ്രവചനങ്ങൾക്ക് പിന്നാലെ കുമാരസ്വാമി കിങ്മേക്കർ റോളിലേക്കെന്ന തരത്തിൽ പ്രചാരണം ശക്തമായിരുന്നു. കോൺഗ്രസ് ഒറ്റക്ക് കേവലഭൂരിപക്ഷത്തിലേക്കെത്തുമ്പോഴും കുമാരിസ്വാമി തന്നെയായിരിക്കും കർണാടകയിൽ പൊളിറ്റിക്കൽ ഇംപാക്ട് ഉണ്ടാക്കുകയെന്നായിരുന്നു പലരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കാര്യങ്ങൾ കുമാരസ്വാമിക്ക് ഒട്ടും സുഖകരമല്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചന. ലീഡ് നില മാറിമറിയുന്നുണ്ടെങ്കിലും ഒടുവിലത്തെ റിപ്പോർട്ടുകൾ പ്രകാരം കുമാരസ്വാമി പിന്നിലാണ്.
അതേസമയം എച്ച്.ഡി കുമാരസ്വാമിയുടെ മകനായ നിഖിൽ കുമാരസ്വാമിയും വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പിന്നിലാണ്. രാമനഗര മണ്ഡലത്തിൽ നിന്നാണ് നിഖിൽ കുമാരസ്വാമി ജനവിധി നേടുന്നത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ നിഖിൽ മത്സരിച്ചെങ്കിലും ബി.ജെ.പി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി സുമലത അംബരീഷിനോട് പരാജയപ്പെട്ടിരുന്നു. ഇത്തവണ നിയമസഭയിൽ നിഖിൽ കുമാരസ്വാമിയുടെ പോരാട്ടം ഇഖ്ബാൽ ഹുസൈനുമായി ആയിരുന്നു. ഏറ്റവും പുതുതായി പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം പതിനായിരത്തോളം വോട്ടി ഇഖ്ബാൽ ഹുസൈൻ ലീഡ് ചെയ്യുകയാണ്. 2018 നിയസഭാ തെരഞ്ഞെടുപ്പിൽ രാമനഗര മണ്ഡലത്തിൽ വെച്ച് എച്ച്.ഡി കുമാരസ്വാമിയോട് പരാജയപ്പെട്ട സ്ഥാനാർഥിയാണ് ഇഖ്ബാൽ ഹുസൈൻ.