പറന്നുയർന്ന് മിനിറ്റുകൾക്കകം ആലിപ്പഴ വീഴ്ച ; ഭുവനേശ്വർ- ഡൽഹി വിസ്താര വിമാനം തിരിച്ചിറക്കി, വിമാനത്തിന് കേടുപാടുകൾ

Update: 2024-05-02 10:41 GMT

ശക്തമായ ആലിപ്പഴ വർഷത്തെ തുടർന്ന് ഭുവനേശ്വർ-ഡൽഹി വിസ്‌താര വിമാനം ഭുവനേശ്വർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിന്‍റെ മുൻവശം ആലിപ്പഴ വർഷത്തിൽ ഭാഗികമായി തകർന്നു. ഭുവനേശ്വർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ പറന്നുയർന്ന വിമാനമാണ് ആലിപ്പഴ വീഴ്ചയെത്തുർന്ന് ഉടൻ തിരികെ ഇറക്കിയത്. തുടര്‍ന്ന് വിമാനം റൺവേയിലേക്ക് മടങ്ങി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

170 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ മറ്റൊരു വിമാനത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനായി നടപടി സ്വീകരിച്ചെന്ന് വിസ്താര അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.45ന് ആണ് വിസ്‌താര വിമാനം ഭുവനേശ്വറിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്ര ആരംഭിച്ചത്. വിമാനം പറന്നുയർന്ന് 10 മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ ശക്തമായ ആലിപ്പഴ വര്‍ഷം ഉണ്ടാവുകയായിരുന്നുവെന്നാണ് വിവരം. വിമാനത്തിന്‍റെ വിൻഡ് ഷീൽഡിന് വിള്ളലുണ്ടായതായാണ് റിപ്പോർട്ട്. വിദഗ്ധ സംഘം എത്തി പരിശോധന നടത്തി.

Tags:    

Similar News