രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി; സൂറത്ത് കോടതി വിധിയില്‍ ഹൈക്കോടതിയില്‍ സ്റ്റേ ഇല്ല

Update: 2023-05-02 11:54 GMT

'മോദി' പരാമർശത്തിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ വിധിയില്‍ രാഹുല്‍ ഗാന്ധിക്ക് സ്റ്റേ ഇല്ല. ഹര്‍ജി വേനലവധിക്കുശേഷം വിധി പറയാന്‍ ഗുജറാത്ത് ഹൈക്കോടതി മാറ്റി. അതുവരെ ഇടക്കാല സ്റ്റേ വേണമെന്ന ആവശ്യവും തള്ളി. 

ഏപ്രില്‍ 20ന് അപകീര്‍ത്തി കേസില്‍ രണ്ടു വര്‍ഷത്തെ തടവുശിക്ഷ വിധിച്ച സൂറത്ത് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് രാഹുല്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. 2019 ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്ലാ കള്ളന്മാരുടെ പേരിലും മോദി ഉണ്ടെന്ന രാഹുലിന്റെ പരാമര്‍ശമാണ് കേസിനാധാരം. 

'എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം എങ്ങനെയാണ് മോദി വന്നത്' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. 2019 ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കര്‍ണാടകയിലെ കോലാറില്‍ നടന്ന റാലിയിലായിരുന്നു രാഹുലിന്റെ ഈ വാക്കുകള്‍. ഈ കേസിലാണ് മാര്‍ച്ച് 23ാം തീയതി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷാവിധിക്ക് പിന്നാലെ രാഹുലിന്റെ ലോക്‌സഭാംഗത്വവും റദാക്കിയിരുന്നു.

Tags:    

Similar News