പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് വാഹനങ്ങളിൽ ജിപിഎസ് ട്രാക്കിങ് ഉപയോഗിക്കും; തീരുമാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

Update: 2024-04-09 09:55 GMT

പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മുഴുവൻ വാഹനങ്ങളിലും ജി.പി.എസ് ലൊക്കേഷൻ ട്രാക്കിങ് സംവിധാനം സ്ഥാപിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനം. തെരഞ്ഞെടുപ്പ് വിതരണ കേന്ദ്രത്തിൽ നിന്ന് പോളിങ് സ്റ്റേഷനിലേക്ക് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ യൂണിറ്റുകളും മറ്റ് പോളിങ് സാമഗ്രികളും കൊണ്ടു പോകുന്നത് നിരീക്ഷിക്കാനാണ് ജി.പി.എസ് ലൊക്കേഷൻ ട്രാക്കിങ് സംവിധാനം ഏർപ്പെടുത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, തെരഞ്ഞെടുപ്പിൽ കൃത്രിമം നടക്കുന്നില്ലെന്ന് ഉറപ്പാക്കാനും ട്രാക്കിങ് സംവിധാനം പ്രയോജനപ്പെടും.

പോളിങ് സാമഗ്രികൾ കൊണ്ടു പോകുന്ന വാഹനങ്ങളുടെ ഡ്രൈവർമാരിൽ നിന്നും ഇ.വി.എമ്മുകളുടെ ചുമതലയുള്ള ജീവനക്കാരിൽ നിന്നും എന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ജോയിന്‍റ് സെക്രട്ടറി അർണബ് ചാറ്റർജിയെ ജോയിന്‍റ് ചീഫ് ഇലക്ടറൽ ഓഫീസറായി നിയമിച്ചു. പശ്ചിമ ബംഗാളിൽ ഏഴ് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക.

Tags:    

Similar News