ജനാധിപത്യ തത്വങ്ങൾ ബാധകമാക്കണം; രാഹുൽ ഗാന്ധിയുടെ അയോഗ്യതയിൽ ജർമനി

Update: 2023-03-30 05:58 GMT

ലോക്സഭയിൽനിന്ന് രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതിൽ പ്രതികരണവുമായി ജർമനി. വിഷയത്തിൽ 'ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന ജനാധിപത്യ തത്വങ്ങളുടെയും മാനദണ്ഡങ്ങൾ' ബാധകമാക്കണം' എന്ന് ജർമനി വിദേശകാര്യ മന്ത്രാലയം പ്രസ്താവന നടത്തി.

'ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയക്കാരനായ രാഹുൽ ഗാന്ധിക്കെതിരായ ആദ്യ സന്ദർഭത്തിലെ കോടതി വിധിയും അദ്ദേഹത്തിന്റെ പാർലമെന്ററി അംഗത്വം റദ്ദാക്കിയതും ജർമൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ അറിവിൽ, വിധിക്കെതിരെ അപ്പീൽ നൽകാനുള്ള സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുള്ളത്' വാർത്താസമ്മേളനത്തിനിടെ ജർമൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

രാഹുലിനെതിരായ വിധി നിലനിൽക്കുമോ എന്നും അദ്ദേഹത്തിന്റെ പാർലമെന്ററി അംഗത്വം റദ്ദാക്കിയതിന് അടിസ്ഥാനമുണ്ടോയെന്നും അപ്പീൽ തീരുമാനങ്ങളിൽ വ്യക്തമാകുമെന്നും ജർമൻ വിദേശകാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു. ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന ജനാധിപത്യ തത്വങ്ങളുടെയും മാനദണ്ഡങ്ങൾ രാഹുൽ ഗാന്ധിക്കെതിരായ നടപടികൾക്കും ഒരുപോലെ ബാധകമാകുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും ജർമൻ വിദേശകാര്യ വക്താവ് പറഞ്ഞു.

Tags:    

Similar News