പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ അന്തരിച്ചു

Update: 2023-04-26 01:03 GMT

പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ശിരോമണി അകാലി ദളിന്റെ മുതിർന്ന നേതാവുമായ പ്രകാശ് സിങ് ബാദൽ അന്തരിച്ചു. 95 വയസ്സായിരുന്നു. ശ്വാസതടസത്തെത്തുടർന്ന് വെള്ളിയാഴ്ച മുതൽ മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രകാശ്  സിങ് ബാദലിനോടുള്ള ആദരസൂചകമായി രാജ്യത്ത് രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ബുധനാഴ്ചയും വ്യാഴാഴ്ചയും ദേശീയ പതാക പതിവായി ഉയർത്തുന്ന സ്ഥലങ്ങളിൽ പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗികമായ ആഘോഷ പരിപാടികളും ഈ ദിനങ്ങളിൽ ഉണ്ടാകില്ല. 

തീവ്രപരിചരണവിഭാഗത്തിൽ ചികിൽസയിലിരിക്കെ രാത്രി 8.28 നാണ് മരണമെന്ന് മകനും അകാലി ദൾ പാർട്ടി പ്രസിഡന്റും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിങ് ബാദൽ അറിയിച്ചു. ഭട്ടിൻഡയിലെ ബാദൽ ഗ്രാമത്തിലായിരിക്കും സംസ്‌കാരം. ബുധനാഴ്ച രാവിലെ മൊഹാലിയിൽനിന്ന് ബാദൽ ഗ്രാമത്തിലേക്ക് ഭൗതികശരീരം കൊണ്ടുപോകും. പരേതയായ സുരീന്ദർ കൗറാണ് ഭാര്യ.

ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായന്മാരിൽ ഒരാളായ പ്രകാശ് സിങ് ബാദൽ രാജ്യത്തിനായി ഏറെ സംഭാവനകൾ നൽകിയ വ്യക്തിയാണെന്ന് അനുശോചനസന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. പഞ്ചാബിന്റെ പുരോഗതിക്കായി ഏറെ പരിശ്രമിച്ച അദ്ദേഹത്തെ വിയോഗം വ്യക്തിപരമായും തനിക്ക് ഏറെ നഷ്ടമാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Tags:    

Similar News