മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഇടക്കാല ജാമ്യാപേക്ഷ ; ഇഡിയോട് പ്രതികരണം തേടി സുപ്രീംകോടതി
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഇടക്കാല ജാമ്യാപേക്ഷയിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിനോട് (ഇ.ഡി) പ്രതികരണം തേടി സുപ്രീംകോടതി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഇ.ഡിക്ക് നോട്ടീസ് അയച്ച് മെയ് ആറിനകം പ്രതികരണം തേടിയത്.
കേസിൽ സോറന്‍റെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഝാർഖണ്ഡ് ഹൈക്കോടതി വിധി പറഞ്ഞേക്കുമെന്ന് ബെഞ്ച് പറഞ്ഞു. ഫെബ്രുവരി 28നാണ് ഉത്തരവ് മാറ്റിവെച്ചത്. കേസിൽ ഇടക്കാല ജാമ്യം വേണമെന്ന് സോറന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ കപിൽ സിബലും അരുണാഭ് ചൗധരിയും പറഞ്ഞു. കേസിൽ അറസ്റ്റിനെ ചോദ്യം ചെയ്തുള്ള തന്‍റെ ഹർജിയിൽ ഹൈക്കോടതി വിധി പറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സോറൻ ഏപ്രിൽ 24നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് മിനിറ്റുകൾക്കകമായിരുന്നു ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. നിയമവിരുദ്ധമായി 31 കോടി രൂപയുടെ സ്ഥലം വാങ്ങി എന്ന് തെളിയിക്കുന്നതിനായി ഇ.ഡി ശേഖരിച്ചത് ടി.വിയും ഫ്രിഡ്ജും വാങ്ങിയതിന്റെ ബില്ലുകളാണെന്ന റിപ്പോർട്ടും അടുത്തിടെ പുറത്തുവന്നിരുന്നു. റാഞ്ചി ആസ്ഥാനമായ ഡീലർമാരിൽനിന്ന് ശേഖരിച്ച ബില്ലുകളാണ് കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചത്. സന്തോഷ് മുണ്ടയുടെ കുടുംബാംഗങ്ങളുടെ പേരിലാണ് ടി.വിയും ഫ്രിഡ്ജും വാങ്ങിയതെന്നും ഹേമന്ത് സോറൻ നിയമവിരുദ്ധമായി വാങ്ങിയ 8.86 ഏക്കർ സ്ഥലത്തിന്റെ പരിചാരകനായി 15 ഓളം വർഷമായി താമസിക്കുന്നത് ഇയാളാണെന്നും ഇ.ഡി ആരോപിച്ചു.