ദേശീയ ഗുസ്തി ഫെഡറേഷൻ തലവനും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്കെതിരെ ബിജെപി നേതാക്കൾ ഉയർത്തുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി സാക്ഷി മാലിക്. 'സത്യം' ഇതാണെന്ന അടിക്കുറിപ്പോടെ ഭർത്താവും ഗുസ്തി താരവുമായ സത്യവർത് കാഡിയനൊപ്പമുള്ള വീഡിയോയിൽ സമരം സംബന്ധിച്ച് സാക്ഷി മാലിക് വെളിപ്പെടുത്തലുകൾ നടത്തി. പ്രതിഷേധത്തിന്റെ തുടക്കം മുതൽ ഈ ദിവസംവരെയുള്ള കാര്യങ്ങളിൽ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന് വിശദീകരിച്ചുകൊണ്ടാണ് വീഡിയോ.
ബ്രിജ്ഭൂഷണെതിരായ ലൈംഗികാതിക്ര പരാതികളിൽ എടുത്ത പോക്സോ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി പോലീസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ബ്രിജ്ഭൂഷണെതിരെ പ്രായപൂർത്തിയാകാത്ത വനിതാ ഗുസ്തിതാരം ഉന്നയിച്ച ആരോപണം പിൻവലിച്ചെന്ന് ചൂണ്ടിക്കാട്ടി മതിയായ തെളിവില്ലെന്ന് പറഞ്ഞായിരുന്നു പോലീസ് നടപടി. ഇത് സംബന്ധിച്ചും സാക്ഷി മാലിക് പ്രതികരണം നടത്തി. പെൺകുട്ടിയുടെ കുടുംബത്തിന് നേരെ ഭീഷണിയുണ്ടായെന്നും ഇതേ തുടർന്നാണ് മൊഴി മാറ്റിയതെന്നും സാക്ഷി വെളിപ്പെടുത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴ് വനിതാ താരങ്ങളായിരുന്നു ബ്രിജ്ഭൂഷണെതിരെ ആരോപണം ഉന്നയിച്ചത്.
സമരത്തിലുടനീളം തങ്ങളെ പിന്തുണച്ച വ്യക്തികൾക്കും സംഘടനകൾക്കും സാക്ഷിയും ഭർത്താവ് കാഡിയനും നന്ദി അറിയിച്ചു. സംയുക്ത കിസാൻ മോർച്ച, ഭീം ആർമി നേതാവ് ചന്ദ്ര ശേഖർ ആസാദ്, ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് നന്ദി അറിയിച്ചത്.
തങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഓരോന്നായി എടുത്ത് പറഞ്ഞായിരുന്നു സാക്ഷി മാലിക് മറുപടി നൽകിയത്. സമരം രാഷ്ട്രീയ പ്രേരിതമാണെന്നും കോൺഗ്രസാണ് സമരത്തിന് പിന്നിലെന്നും ചില ബിജെപി നേതാക്കൾ ആരോപിച്ചിരുന്നു. ജനുവരിൽ ജന്തർ മന്ദറിൽ സമരം നടത്തുന്നതിനുള്ള അനുമതി പത്രം സാക്ഷി മാലിക് പുറത്തുവിട്ടു. ബിജെപി നേതാക്കളായ തിരാത് റാണയും ബബിത ഫൊഗാട്ടുമാണ് സമരത്തിന് പോലീസിൽ നിന്ന് അനുമതി എടുത്തതെന്നും സാക്ഷി മാലിക് വിശദീകരിച്ചു.