ബംഗാളിലെ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് കേസ്; കേസുകൾ എല്ലാം ഹൈക്കോടതിയിൽ നിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റി
ബംഗാളിലെ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റിലെ എല്ലാ കേസുകളും കല്‍ക്കട്ട ഹൈക്കോടതിയില്‍ നിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റി. ഡിവിഷന്‍ ബെഞ്ചിലേയും സിംഗിള്‍ ബെഞ്ചിലെയും ജഡ്ജിമാരുടെ പോരിനിടെയാണ് സുപ്രീംകോടതി നടപടി. ജാതി സർട്ടിഫിക്കറ്റ് കേസിലെ സിബിഐ അന്വേഷണം റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലെ ജഡ്ജി ജസ്റ്റിസ് സൗമൻ സെൻ ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചുവെന്ന് സിംഗിൾ ബെഞ്ച് ജഡ്ജി അഭിജിത്ത് ഗംഗോപാധ്യായയുടെ ഉത്തരവാണ് കേസ് സുപ്രീംകോടതിയിൽ എത്തിച്ചത്.
അവധി ദിവസമായി കഴിഞ്ഞ ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തി സ്വമേധയാ കേസ് പരിഗണിച്ചുകൊണ്ട് സുപ്രീംകോടതി കൽക്കട്ട ഹൈക്കോടതിയിലെ എല്ലാ നടപടികളും നേരത്തെ സ്റ്റേ ചെയ്തിരുന്നു. സിംഗിള്‍ ബെഞ്ച് ജഡ്ജി അഭിജിത് ഗംഗോപാധ്യക്ക് എതിരെ നടപടി വേണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ഇപ്പോൾ പരിഗണിക്കാൻ ആകില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേസിൽ ബംഗാൾ സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു.