കടുത്ത ചൂട്; സ്കൂളുകള്‍ ജൂണ്‍ 6ന് തുറക്കില്ല: 10ലേക്ക് മാറ്റി തമിഴ്നാട് സർക്കാർ

Update: 2024-06-01 06:29 GMT

തമിഴ്നാട്ടിലെ സ്കൂളുകൾ തുറക്കുന്നത് ജൂൺ പത്തിലേക്ക് മാറ്റി. കടുത്ത ചൂട് കാരണമാണ് സ്കൂള്‍ തുറക്കുന്നത് മാറ്റിയതെന്ന് സ്കൂള്‍ വിദ്യാഭ്യാസ ഡയറക്ടർ അറിവൊലി അറിയിച്ചു. നേരത്തെ സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചിരുന്നത് ജൂൺ ആറിനാണ്.

എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകള്‍ക്കും തീരുമാനം ബാധകമാണ്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ചൂടിനെ തുടർന്ന് സ്‌കൂളുകൾ തുറക്കുന്നത് ജൂൺ 12 ലേക്ക് മാറ്റി. പി എം കെ സ്ഥാപകൻ ഡോ. എസ് രാമദാസ്, ടി എം സി (എം) പ്രസിഡന്‍റ് ജി കെ വാസൻ തുടങ്ങിയ നേതാക്കള്‍ സ്കൂള്‍ തുറക്കുന്നത് നീട്ടണമെന്ന് നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

അതിനിടെ തമിഴ്‌നാട്ടിലെ 7000ത്തോളം സ്വകാര്യ സ്‌കൂളുകളിൽ 20 ശതമാനം സ്കൂളുകളുടെ അംഗീകാരം വിദ്യാഭ്യാസ വകുപ്പ് ഇതുവരെ പുതുക്കിയിട്ടില്ല.

വിവിധ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് 1500 സ്‌കൂളുകളുടെ അംഗീകാരം പുതുക്കാത്തത്. സ്വകാര്യ സ്കൂളുകള്‍ കെട്ടിട ലൈസൻസ്, ഫയർ സർട്ടിഫിക്കറ്റ്, ശുചിത്വ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളുമായി മൂന്ന് വർഷത്തിലൊരിക്കൽ അംഗീകാരം പുതുക്കുന്നതിന് അപേക്ഷ സമർപ്പിക്കണം.

Tags:    

Similar News