മഹുവ മൊയ്ത്രയ്ക്ക് എതിരായ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിച്ചു ; പ്രതിഷേധത്തെ തുടർന്ന് ലോക്സഭാ നിർത്തിവെച്ചു

Update: 2023-12-08 06:56 GMT

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരായ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് പാർലമെൻറിന് സമർപ്പിച്ചു. ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മഹുവയെ പാർലമെന്റിൽ നിന്ന് പുറത്താക്കിയേക്കും. 12 മണിക്ക് വോട്ടെടുപ്പ് നടത്താനായി പാര്‍ലമെന്റ് ചേര്‍ന്നപ്പോൾ വലിയ പ്രതിഷേധമാണ് പ്രതിപക്ഷമുയര്‍ത്തിയത്. ഇന്ത്യ സംഖ്യം എംപിമാര്‍ പാര്‍ലമെന്റിന്റെ നടുക്കളത്തിലിറങ്ങി. പ്രതിഷേധം കനത്തതോടെ ലോക്സഭ രണ്ട് മണിവരെ നി‍ര്‍ത്തിവെച്ചു.

അദാനിക്കെതിരെ പാർലമെൻറില്‍ ചോദ്യം ഉന്നയിക്കാൻ ഹീരാ നന്ദാനി ഗ്രൂപ്പില്‍ നിന്ന് മഹുവ പണം വാങ്ങിയെന്ന ആരോപണം. ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെ നാടകീയ സംഭവവികാസങ്ങളാണ് പാര്‍ലമെന്റിലും പുറത്തും അരങ്ങേറിയത്. പാര്‍ലമെന്റിൽ ഭയമില്ലാതെ മോദിക്കെതിരെയടക്കം രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച് ശ്രദ്ധേയായ എംപിയായ മഹുവ മൊയ്ത്രയെ പൂട്ടാനുളള ബിജെപി ശ്രമങ്ങളാണ് ഇപ്പോൾ അവസാന ഘട്ടത്തിലേക്ക് എത്തി നിൽക്കുന്നതെന്ന് വ്യക്തം.

അദാനിക്കെതിരെ നിരന്തരം ചോദ്യം ഉയർത്തുന്നതിലെ പകയാണ് നീക്കത്തിന് പിന്നിലെന്നാണ് മഹുവ മൊയ്ത്രയുടെയും പ്രതിപക്ഷത്തിന്റെയും നിലപാട്. താൻ പോരാടുമെന്നാണ് മഹുവ മൊയ്ത്ര ഇന്ന് പ്രതികരിച്ചത്. 'വസ്ത്രാക്ഷേപമാണ് നടത്തുന്നത്. ഇനി മഹാഭാരത യുദ്ധം കാണാമെന്നും മഹുവ മൊയ്ത്ര പാര്‍ലമെന്‍റിലേയ്ക്ക് കയറും മുമ്പ് പറഞ്ഞു. മഹുവ മൊയ്ത്രക്കെതിരായ എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് സഭയിൽ ചര്‍ച്ച ചെയ്താൽ ആരു സംസാരിക്കണമെന്ന് സ്പീക്കര്‍ തീരുമാനിക്കുമെന്നാണ് ബിജെപി എം.പി നിഷികാന്ത് ദുബെയുടെ പ്രതികരണം. പാര്‍ലമെന്റ് നടപടികൾ ഏകപക്ഷീയമാകുമോയെന്ന് കണ്ടറിയേണ്ടി വരും.

മഹുവ മൊയ്‌ത്രക്കെതിരായ നടപടി പകപോക്കൽ മാത്രമാണെന്നായിരുന്നു സിപിഐഎമ്മിന്റെ പ്രതികരണം. ആരോപണങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ. സ്വകാര്യജീവിതത്തിലുണ്ടാകുന്ന വിഷയങ്ങൾ പർവതീകരിച്ച് അംഗത്തെ പുറത്താക്കുന്നത് പാർലമെന്റ് ചരിത്രത്തിൽ ആദ്യമാകും. നടപടിയെ പ്രതിപക്ഷം ശക്തമായി എതിർക്കുമെന്നും ജോൺ ബ്രിട്ടാസ് എം പി വ്യക്തമാക്കി. 

Tags:    

Similar News