'പെട്രോള്‍ കാറുകളുടെ വിലയില്‍ ഇലക്ട്രിക് കാറുകള്‍ കിട്ടും': ഇനി അധികം കാത്തിരിക്കണ്ടെന്ന് നിതിന്‍ ഗഡ്കരി
വൈദ്യുതവാഹനങ്ങളുടെ വില ഒന്നരവര്‍ഷത്തിനകം പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് തുല്യമാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയില്‍ പറഞ്ഞു. വൈദ്യുതവാഹനങ്ങളിപ്പോള്‍ ജനപ്രിയമാണ്. പ്രശ്‌നം വില കൂടുതലാണെന്നതുമാത്രമാണ്. അഞ്ചുവര്‍ഷത്തിനുള്ളില്‍ വൈദ്യുത കാറുകള്‍, ബസുകള്‍, ട്രക്കുകള്‍ എന്നിവ കയറ്റുമതി ചെയ്യുന്ന മുന്‍നിരരാജ്യമായി ഇന്ത്യ മാറും.
വൈദ്യുതവാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം-അയണ്‍ ബാറ്ററി മാലിന്യത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ഏതു റിപ്പോര്‍ട്ടും സര്‍ക്കാര്‍ ഗൗരവമായി കാണുമെന്നും രഞ്ജീത്ത് രഞ്ജന്റെ ചോദ്യത്തിനുത്തരമായി മന്ത്രി കൂട്ടിച്ചേര്‍ത്തു. ''അത്തരമൊരു റിപ്പോര്‍ട്ടോ കണ്ടെത്തലോ ഞങ്ങളുടെ പക്കലില്ല. എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഗൗരവമായെടുക്കും. ലിഥിയം-അയണ്‍ ബാറ്ററി മാലിന്യം പുനരുപയോഗം ചെയ്യാനുള്ള നീക്കം ആരംഭിക്കും'' -മന്ത്രി പറഞ്ഞു.
ആറാമത്തെ വലിയ ലിഥിയം-അയണിന്റെ കരുതല്‍ ജമ്മു കശ്മീരിലാണെന്നും ഇന്ത്യ നിലവില്‍ 1200 ടണ്‍ ലിഥിയം അയണ്‍ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം സഭയെ അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാണ ഹബ്ബാക്കി ഇന്ത്യയെ മാറ്റുമെന്ന് മന്ത്രി മുമ്പുതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം അയേണ്‍ ബാറ്ററികള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിച്ച് തുടങ്ങുമെന്നാണ് അദ്ദേഹം മുമ്പ് അറിയിച്ചിട്ടുള്ളത്.
വരും വര്‍ഷങ്ങളില്‍ ഇലക്ട്രിക് കാറുകളുടെ വില കുറച്ചുകൊണ്ടുവരുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുമ്പും നിതിന്‍ ഗഡ്കരി ഉറപ്പുനല്‍കിയിട്ടുള്ളതാണ്. പെട്രോള്‍ കാറുകളുടെ വിലയിലേക്ക് ഇലക്ട്രിക് കാറിന്റെ വിലയും എത്തിക്കുകയാണ് ലക്ഷ്യമെന്നും ഇലക്ട്രിക് കാറുകള്‍ക്കായി പുതിയ സാങ്കേതികവിദ്യയും ഗ്രീന്‍ ഫ്യൂവലുകളുടെയും കണ്ടുപിടിത്തവും വരുന്നതോടെ വാഹനങ്ങളുടെ വിലയില്‍ ഗണ്യമായ കുറവുണ്ടാക്കാന്‍ സാഹായിക്കുമെന്നാണ് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചത്.
ഇലക്ട്രിക് വാഹനങ്ങളുടെ വിലയില്‍ കുറവുണ്ടാകണമെങ്കില്‍ ആദ്യം ലിഥിയം അയേണ്‍ ബാറ്ററികളുടെ വിലയില്‍ കുറവുണ്ടാകണം. വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന സിങ്ക്-അയേണ്‍, സോഡിയം-അയേണ്‍, അലുമിനിയം-അയേണ്‍ തുടങ്ങിയ ബാറ്ററികള്‍ ഒരുങ്ങുകയും ഇവ ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുകയും ചെയ്യുന്നതോടെ ഇത്തരം വാഹനങ്ങള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുറമെ, ഫ്ളെക്സ് ഫ്യുവല്‍ പോലുള്ള വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കണമെന്നും മന്ത്രി നിതിന്‍ ഗഡ്കരി ആഹ്വാനം ചെയ്തിരുന്നു. വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണമുണ്ടാക്കുന്ന എമിഷനുകള്‍ ഒഴിവാക്കുന്നതിനും അതുവഴിയുള്ള മലിനീകരണങ്ങള്‍ കുറയ്ക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണെന്നും അദ്ദേഹം മുമ്പുതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. വായുമലിനീകരണ തോത് ഉയരുന്നതിന്റെ അടിസ്ഥാനത്തില്‍ പ്രകൃതി സൗഹാര്‍ദ വാഹനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.