‘മോദിക്കെതിരെ സംസാരിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം’; രാഹുലിന് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

Update: 2024-03-06 14:44 GMT

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സംസാരിക്കുമ്പോൾ കൂടുതൽ ജാഗ്രതയും ശ്രദ്ധയും പുലർത്തണമെന്ന് രാഹുൽ ഗാന്ധിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ. നവംബറിൽ രാജസ്ഥാനിലെ ബയാതുവിൽ നടന്ന പൊതുയോഗത്തിൽ മോദിക്കെതിരെ തട്ടിപ്പ്, പോക്കറ്റടി തുടങ്ങിയ പരാമർശങ്ങൾ നടത്തിയത് വിവാദമായിരുന്നു. ​​പ്രധാനമന്ത്രിയെ രാഹുൽ പരിഹസിച്ചെന്നാരോപിച്ച് ബിജെപിയിൽ നിന്ന് പരാതി ലഭിച്ചെന്നാണ് അന്ന് രാഹുലിന് നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചത്.

ഇതിനൊപ്പം ഡൽഹി ഹൈക്കോടതിയിലും പൊതുഹരജി വന്നിരുന്നു. ഹരജി പരിഗണിച്ച കോടതി മോദിയെ പോക്കറ്റടിക്കാരൻ എന്ന വിളിച്ച രാഹുൽ ഗാന്ധിയുടെ നിലപാട് ശരിയല്ലെന്ന് നിരീക്ഷിച്ചിരുന്നു. എന്നാൽ ജനാധിപത്യത്തിന്റെ ഭാഗമായി അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും കോടതി പറഞ്ഞു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ നടപടി സ്വീകരിക്കട്ടെ എന്നായിരുന്നു കോടതിയു​ടെ നിലപാട്. രാഹുൽ ഗാന്ധിക്ക് നൽകിയ നോട്ടീസിൽ എട്ടാഴ്ചക്കകം തീരുമാനമെടുക്കാൻ ഡൽഹി ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് നേരത്തെ നിർദേശിച്ചിരുന്നു.

ഭാവിയിൽ ഇത്തരം പരാമർശങ്ങൾ നൽകുമ്പോൾ കൂടുതൽ ജാഗ്രതയും ശ്രദ്ധയും കാണിക്കണമെന്നാണ് രാഹുൽ ഗാന്ധിക്ക് നൽകിയ മുന്നറിയിപ്പിലുള്ളതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

Tags:    

Similar News