അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

Update: 2023-10-09 04:39 GMT

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികൾ ഇന്ന് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

നാല് സംസ്ഥാനങ്ങളില്‍ മുൻ കാലത്തെ പോലെ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. നക്സൽ ബാധിത പ്രദേശങ്ങളുള്ള ഛത്തീസ്ഗഡില്‍ സുരക്ഷ കണക്കിലെടുത്ത് രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. അഞ്ച് സംസ്ഥാനങ്ങളിലെയും പോളിംഗ് തീയതികള്‍ വ്യത്യസ്തമായിരിക്കാം. എന്നാല്‍ വോട്ടെണ്ണല്‍ ഒരുമിച്ച് നടക്കും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി രാജസ്ഥാന്‍, മിസോറാം, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി. 5 സംസ്ഥാനങ്ങളിലും രാഷ്ട്രീയ പാർട്ടികൾ ഇതിനോടകം തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

ഈ അഞ്ച് സംസ്ഥാനങ്ങളിലെ നിയസഭാ കാലാവധി 2023 ഡിസംബറിനും 2024 ജനുവരിക്കും ഇടയിൽ അവസാനിക്കും. നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിന് ആറ് മുതൽ എട്ട് ആഴ്ചകൾക്കുമുമ്പ് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിക്കാറുണ്ട്. നവംബർ രണ്ടാം വാരത്തിനും ഡിസംബർ ആദ്യ വാരത്തിനും ഇടയിൽ വോട്ടെടുപ്പ് നടക്കാൻ സാധ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Tags:    

Similar News