പ്രധാനമന്ത്രിയുടെ രാജസ്ഥാനിൽ വിവാദ പ്രസംഗം: വീഡിയോ ഹാജരാക്കാൻ നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

Update: 2024-04-23 05:17 GMT

പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിൽ നടത്തിയ വിവാദ പ്രസംഗത്തിനെതിരായ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ഹാജരാക്കാൻ ബൻസ്വാര ഇലക്ട്രൽ ഓഫീസറോട് കമ്മീഷൻ ആവശ്യപ്പെട്ടു. പ്രസംഗത്തിന്റെ ഉള്ളടക്കം എഴുതി നൽകാനും നിർദേശിച്ചിട്ടുണ്ട്. കോൺഗ്രസ്, സിപിഎം അടക്കം പ്രതിപക്ഷ പാർട്ടികൾ പരാമർശത്തിനെതിരെ പരാതി നൽകുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്യുന്നതിനിടെയാണ് കമ്മീഷൻ നടപടികളാരംഭിച്ചത്.

ഇന്നലെ പ്രധാനമന്ത്രിയുടെ വാക്കുകൾ വിദ്വേഷ പ്രസംഗത്തിൻറെ പ്രത്യക്ഷ ഉദാഹരണമാണെന്നും, തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് മോദിയെ വിലക്കണമെന്നുമാവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. വിദ്വേഷ പ്രസംഗത്തിനെതിരെ പ്രചാരണത്തിനും കോൺഗ്രസ് തുടക്കമിട്ടു. പ്രധാനമന്ത്രി ആക്ഷേപമുന്നയിച്ച പ്രകടനപത്രിക കോൺഗ്രസ് സ്ഥാനാർത്ഥികൾ കൂട്ടത്തോടെ പ്രധാനമന്ത്രിക്കയച്ചു. വിദ്വേഷ പ്രസംഗത്തിനെതിരെ ഒപ്പ് ശേഖരണവും തുടങ്ങി. ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകാനാണ് നീക്കം. കൂടിക്കാഴ്ചയ്ക്ക് കോൺഗ്രസ് അധ്യക്ഷൻ സമയം തേടിയിട്ടുണ്ട്. എന്നാൽ കത്തിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പ്രതികരിച്ചു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിൻറെ സമ്പത്ത് മുഴുവൻ മുസ്ലീംങ്ങൾക്ക് നൽകുമെന്ന പ്രധാനമന്ത്രിയുടെ രാജസ്ഥാൻ തെരഞ്ഞെടുപ്പ് പ്രസംഗമാണ് വലിയ വിവാദത്തിലായത്.

Tags:    

Similar News