ജാതി, മതം, ഭാഷ എന്നിവ അടിസ്ഥാനപ്പെടുത്തി വോട്ട് തേടരുത്, രാഷ്ട്രീയപാർട്ടികൾക്ക് നിർദ്ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികൾക്ക് നിർദ്ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ജാതി, മതം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വോട്ട് തേടുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വെള്ളിയാഴ്ച പുറത്തിറക്കിയ നിർദേശത്തിലുള്ളത്. ജാതി,സാമുദായിക വികാരങ്ങൾ അടിസ്ഥാനമാക്കിയ ആഹ്വാനങ്ങൾ, വ്യാജപ്രസ്താവനകൾ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം, നേതാക്കളുടെ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ എന്നിവ പാടില്ല. രാഷ്ട്രീയ പാർട്ടികൾ ധാർമ്മികവും മാന്യവുമായ രാഷ്ട്രീയ സംവാദങ്ങൾക്ക് മുൻഗണന നൽകണം. സമൂഹത്തെ ഭിന്നിപ്പിക്കുന്നതും,വ്യക്തിപരമായ ആക്രമണങ്ങളും ഉപേക്ഷിക്കണം. സോഷ്യൽ മീഡിയയിലെ പ്രചരണത്തിനും ഇത്തരം മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിർദേശമുണ്ട്.
മാതൃകപെരുമാറ്റച്ചട്ട ലംഘനം ഒരുതരത്തിലും അനുവദിക്കില്ല. ക്ഷേത്രങ്ങൾ, പള്ളികൾ, ചർച്ചുകൾ, ഗുരുദ്വാരകൾ തുടങ്ങി ഒരു തരത്തിലുള്ള ആരാധനാലയങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പുറത്തിറക്കിയ നിർദേശത്തിലുണ്ട്.
ഈ മാസം അവസാനത്തോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും പ്രഖ്യാപിക്കുമെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടയിലാണ് പുതിയ നിർദേശം.