ആം ആദ്മി പാർട്ടി എംഎൽഎ ഗുലാബ് സിങ്ങിന്റെ വസതിയിൽ ഇഡി റെയ്ഡ്. ശനിയാഴ്ച രാവിലെ മൂന്നുമണിയോടെയായിരുന്നു ഗുലാബ് സിങ്ങിന്റെ വസതിയിൽ റെയ്ഡ് നടത്തിയതെന്ന് എഎപി അറിയിച്ചു. ഏതു കേസിലാണ് റെയ്ഡ് നടന്നതെന്ന കാര്യം വ്യക്തമല്ലെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഡൽഹി മട്യാല നിയോജക മണ്ഡലത്തിൽനിന്നുള്ള എംഎൽഎ ആയ സിങ്ങിനാണ് പാർട്ടിയുടെ ഗുജറാത്ത് യൂണിറ്റിന്റെ ചുമതല.
ഇന്ത്യ റഷ്യയുടെ പാത പിന്തുടർന്ന് ഏകാധിപത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഡൽഹി മന്ത്രിയും എഎപി നേതാവുമായ സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തി. ‘‘മുഴുവൻ പ്രതിപക്ഷത്തെയും ജയിലിലാക്കാനുള്ള തിരക്കിലാണു ബിജെപിയെന്ന് ഇന്ത്യക്കാർക്കു മാത്രമല്ല ലോകം തന്നെ മനസ്സിലാക്കിക്കഴിഞ്ഞു. റഷ്യയുടെ പാത പിന്തുടരുകയാണു രാജ്യം. ബംഗ്ലാദേശിലും പാക്കിസ്ഥാനിലും ഉത്തര കൊറിയയിലും മുൻപ് ഇങ്ങനെ കണ്ടിട്ടുണ്ട്. ഇന്ന് ഇന്ത്യ അതേ പാതയിലാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഇന്ന് ഏകാധിപത്യത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. അവിടെ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ നിരാകരിക്കപ്പെടും, പ്രതിപക്ഷത്തെ ഇല്ലാതാക്കും.
ഞങ്ങളുടെ നാലു നേതാക്കളാണു തെറ്റായ കേസുകളിൽ ഇന്നു ജയിലിൽ കഴിയുന്നത്. ഞങ്ങൾ ഗുജറാത്തിൽ മത്സരിക്കുന്നുണ്ട്. അതുകൊണ്ട് ഗുജറാത്തിലെ ചുമതലക്കാരനായ ഗുലാബിന്റെ വീട്ടിൽ ഇന്ന് റെയ്ഡ് നടന്നു’’ – സൗരഭ് ആരോപിച്ചു. പ്രതിപക്ഷത്തെ ഭയപ്പെടുത്തി നിശബ്ദരാക്കാനാണു ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.