ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അധിക കുറ്റപത്രം സമർപ്പിച്ച് ഇഡി; കുറ്റപത്രം സമർപ്പിച്ചത് ഡൽഹി റോസ് അവന്യു കോടതിയിൽ

Update: 2024-05-10 12:39 GMT

മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്‌രിവാളിനെതിരെ അധിക കുറ്റപത്രവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കെജ്‌രിവാളിനെതിരെ 224 പേജുള്ള അധിക കുറ്റപത്രമാണ് ഇഡി ഡല്‍ഹി റോസ് അവന്യു കോടതിയില്‍ സമര്‍പ്പിച്ചത്. കേസ് മെയ് 13ന് കോടതി പരിഗണിക്കും.

ഇ.ഡിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും കടുത്ത എതിര്‍പ്പ് തള്ളിയാണ് കെജ്രിവാളിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ വ്യക്തിഗത ബോണ്ടും സാക്ഷികളെ ബന്ധപ്പെടരുതെന്ന കര്‍ശന ഉപാധികളോടെയാണ് ജാമ്യം. കെജ്രിവാളിന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചാല്‍ ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് ഇഡിയോട് കോടതി പറഞ്ഞു. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ വിജയമെന്ന് ആംആദ്മി പാര്‍ട്ടിയും ജാമ്യം ഇന്ത്യ മുന്നണിക്ക് കരുത്ത് പകരുമെന്ന് ഗോപാല്‍ റായും പറഞ്ഞു.

ജൂണ്‍ ഒന്ന് വരെയാണ് ജാമ്യം. ജൂണ്‍ നാലിന് ഫലം പ്രഖ്യാപിക്കുന്നത് വരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാണ് കെജ്രിവാള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി അത് അംഗീകരിച്ചില്ല. ജാമ്യം അനുവദിച്ച കോടതി കര്‍ശന ഉപാധികള്‍ മുന്നോട്ട് വച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കോ ഡല്‍ഹി സെക്രട്ടേറിയറ്റിലേക്കോ പോകരുത്. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ ഒരു ഫയലിലും ഒപ്പിടരുത്. ഒരു സാക്ഷിയെയും ബന്ധപ്പെടരുതെന്നുമുള്ള ഉപാധികളാണ് നല്‍കിയത്. ഇഡിക്കെതിരെയും കോടതിയുടെ പരാമര്‍ശം ഉണ്ടായി. കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഇഡിയുടെ കാലതാമസം ചൂണ്ടിക്കാട്ടിയ കോടതി 1.5 വര്‍ഷം അന്വേഷണം നടത്തിയതിനാല്‍ നേരത്തെ അറസ്റ്റ് ചെയ്യാന്‍ കഴിയുമായിരുന്നെന്ന് നിരീക്ഷിച്ചു. കെജ്രിവാളിന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചാല്‍ ഒരു കുഴപ്പവും ഉണ്ടാകില്ലെന്നും ഇഡിയോട് കോടതി പറഞ്ഞു.

ഡല്‍ഹിയില്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതല്‍ കരുത്ത് പകരുന്നതാണ് കെജ്രിവാളിന്റെ താത്കാലിക മോചനം.

Tags:    

Similar News