കെജ്രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ഇഡി; രാജ്യവ്യാപക പ്രതിഷേധം

Update: 2024-03-22 01:12 GMT

മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടേറ്റ്‌റ് അറസ്റ്റ് ചെയ്തതിൽ രാജ്യ വ്യാപക പ്രതിഷേധം. കെജ്രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ഇഡി അറിയിച്ചു. കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷയിൽ അടിയന്തിരമായി കേസ് പരിഗണിക്കണമെന്ന എഎപി അഭിഭാഷകരുടെ ആവശ്യം സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.

അതേസമയം കെജ്രിവാളിൻറെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. ഡൽഹി മുഖ്യമന്ത്രിയോട് രാജിവെക്കാൻ ആവശ്യപ്പെടണമെന്ന് ലഫ്റ്റനന്റ് ഗവർണർക്ക് നൽകിയ കത്തിൽ ബിജെപി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള കത്ത് ലഭിച്ചതിന് പിന്നാലെ ഗവർണർ നിയമോപദേശവും തേടിയിട്ടുണ്ട്. ജയിലിൽ അടച്ചാലും കെജ്രിവാൾ മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലിൽ കിടന്ന് രാജ്യ തലസ്ഥാനം ഭരിക്കുമെന്നുമാണ് ആംആദ്മിയുടെ നിലപാട്. എന്നാൽ ജയിലിൽ കിടന്ന് ഭരിക്കാൻ അനുവദിക്കില്ലെന്ന് ബിജെപിയും വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് ഇഡി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നത്. രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ഡൽഹി മദ്യനയക്കേസിൽ അറസ്റ്റ് തടയണമെന്ന ഹർജി വ്യാഴാഴ്ച ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഇഡി സംഘം വാറണ്ടുമായി കെജ്രിവാളിൻറെ വീട്ടിലെത്തുകയായിരുന്നു. തുടർന്ന് രണ്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്.

കെജ്രിവാളിൻറെ അറസ്റ്റിൽ എഎപിയും പ്രതിപക്ഷ പാർട്ടികളും രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യ തലസ്ഥാനം സംഘർഷഭരിതമാണ്. പ്രതിഷേധിച്ച നൂറുകണക്കിന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഡൽഹി കനത്ത സുരക്ഷാ വലയത്തിലാണ്. സംഘർഷാവസ്ഥ നില നിൽക്കുന്നതിനാൽ കെജ്രിവാളിൻരെ വസതിക്ക് മുന്നിലും ആം ആദ്മി ഓഫീസുകൾക്ക് മുന്നിലുമടക്കം വലിയ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അതേസമയം ആം ആദ്മി ഇന്ന് രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വലിയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോൺഗ്രസും വ്യക്തമാക്കി.

Tags:    

Similar News