'ഒരു ഇന്ത്യക്കാരനേയും വേദനിപ്പിക്കുന്ന ഒന്നും ചെയ്യരുത്'; സൈന്യത്തിന് നിർദേശവുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

Update: 2023-12-27 13:51 GMT

ഒരു ഇന്ത്യക്കാരനേയും വേദനിപ്പിക്കുന്ന ഒന്നും സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ജമ്മുകശ്മീരിൽ സന്ദർശനത്തിന് എത്തിയപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. പൂഞ്ച് ജില്ലയിൽ ഭീകരർക്കായുള്ള തിരച്ചിലിനിടെ സൈന്യം കസ്റ്റഡിയിലെടുത്ത 3 നാട്ടുകാർ മരിച്ചിരുന്നു.കശ്മീരിൽ എത്തിയ പ്രതിരോധമന്ത്രി സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്തു.

പുലർച്ചെയോടെയാണ് അദ്ദേഹം ജമ്മുവിലെത്തിയത്. പിന്നീട് രജൗരിയിലേക്ക് പോയി.അവിടെ പ്രദേശവാസികളുമായും മരിച്ചവരുടെ കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി. പ്രതിരോധ മന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ജമ്മുവിലുടനീളം സുരക്ഷ ശക്തമാക്കി. നേരത്തെ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

‘‘നിങ്ങൾ രാജ്യത്തിന്റെ സംരക്ഷകരാണ്. എന്നാൽ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ജനങ്ങളുടെ ഹൃദയം കീഴടക്കാനുള്ള ഉത്തരവാദിത്തവും നിങ്ങൾക്കുണ്ടെന്നത് ഓർമിപ്പിക്കുന്നു. ഒരു ഇന്ത്യക്കാരനെയും വേദനിപ്പിക്കുന്ന ഒരു തെറ്റും ഉണ്ടാകരുത്. സേനകൾ ജനങ്ങളുമായി അടുത്ത ബന്ധം പങ്കിടണം. നമുക്ക് യുദ്ധങ്ങൾ ജയിക്കണം. ഭീകരരെ ഉന്മൂലനം ചെയ്യണം. പക്ഷേ ജനങ്ങളുടെ ഹൃദയം കീഴടക്കുക എന്നതാണ് ഏറ്റവും വലിയ ലക്ഷ്യം. നമ്മൾ യുദ്ധങ്ങൾ ജയിക്കും. പക്ഷേ ഹൃദയങ്ങളും കീഴടക്കേണ്ടതുണ്ട്. ഇതിനായി നിങ്ങൾ പരമാവധി ശ്രമിക്കുമെന്ന് എനിക്കറിയാം’’– എന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഓരോ സൈനികനും ഒരു കുടുംബാംഗത്തെപ്പോലെയാണെന്നും ഓരോ ഇന്ത്യക്കാരനും ഇങ്ങനെയാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Similar News