6 വയസ്സുകാരിയെ പീഡിപ്പിച്ച ഡിഎംകെ നേതാവ് അറസ്റ്റില്‍; പാർട്ടിയിൽനിന്ന് പുറത്താക്കി

Update: 2023-04-13 03:37 GMT

കടലൂരിൽ സ്കൂളിൽ ആറു വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഡിഎംകെ നേതാവായ സ്കൂൾ ഉടമ അറസ്റ്റില്‍. പ്രദേശത്തെ വാർഡ് കൗൺസിലറായ പക്കിരിസാമിയാണ് പിടിയിലായത്. ഇയാളെ പാർട്ടിയിൽനിന്നു പുറത്താക്കിയതായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു.

നഴ്സറി സ്കൂളിൽനിന്നു മടങ്ങിവന്ന ആറു വയസ്സുകാരി കടുത്ത വയറുവേദന ഉള്ളതായി വീട്ടുകാരെ അറിയിച്ചു. രാത്രിയായിട്ടും വേദനയ്ക്ക് ശമനം ഇല്ലാതെ വന്നതോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാര്‍ നടത്തിയ പരിശോധനയിൽ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വീട്ടുകാരെ അറിയിച്ചു. ഭയന്നുപോയ കുട്ടി അതിക്രമം നടത്തിയത് ആരാണെന്ന് പറയാൻ തയാറായില്ല. തുടർന്ന് രക്ഷിതാക്കൾ വിരുദാചലം വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പൊലീസ് പരിശോധനയിൽ, കുട്ടി പഠിക്കുന്ന നഴ്സറി സ്കൂളിന്റെ ഉടമയാണ് അതിക്രമം നടത്തിയതെന്നു കണ്ടെത്തി. തുടർന്ന് വിരുദാചലം മുനിസിപ്പാലിറ്റിയിലെ 30–ാം വാര്‍ഡ് കൗണ്‍സിലറും ഡിഎംകെ നേതാവുമായ പക്കിരിസാമിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മാധ്യമ വാർത്തകളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷമുയർത്തിയ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടിയായി, പ്രതിയായ ഡിഎംകെ നേതാവിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായും, ഇത്തരം അതിക്രമങ്ങളിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു.

Tags:    

Similar News