നീറ്റ് ചോദ്യപേപ്പർ ചോർന്നിട്ടില്ല; പരീക്ഷയെഴുതിയ  എല്ലാ വിദ്യാർത്ഥികള്‍ക്ക് നീതി ഉറപ്പാക്കും: വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ

Update: 2024-06-13 09:51 GMT

നീറ്റ് പരീക്ഷാ പേപ്പർ ചോർന്നിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. നീറ്റ് യുജി പരീക്ഷയെഴുതിയ എല്ലാ വിദ്യാർത്ഥികള്‍ക്കും നീതി ഉറപ്പാക്കാൻ സർക്കാരും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രേസ് മാർക്ക് ലഭിച്ച 1563 പേരുടെ ഫലം റദ്ദാക്കി റീ ടെസ്റ്റ് നടത്താനുള്ള എൻടിഎ സമിതി ശുപാർശ സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ട്. ഇവർക്കുള്ള പരീക്ഷ വീണ്ടും നടത്താൻ അക്കാദമിക് വിദഗ്ധരുടെ ഒരു പാനൽ രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. 

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഒരു അഴിമതിയും നടന്നിട്ടില്ലെന്നും ധർമേന്ദ്ര പ്രധാൻ അവകാശപ്പെട്ടു. ഇത് സംബന്ധിച്ച് കോടതിയിൽ മറുപടി നൽകുമെന്നും കോടതി വിധി അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗ്രേസ് മാർക്ക് ലഭിച്ച 1563 പേർക്കുള്ള പരീക്ഷ ഈ മാസം 23 ന് വീണ്ടും നടത്താൻ സുപ്രീംകോടതി അനുവാദം നൽകിയിട്ടുണ്ട്. കൌൺസിലിംഗ് നടപടികൾ തടയാനാകില്ലെന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ജൂലൈ ആറിന് നടക്കുന്ന കൌൺസിലിംഗിനെ ബാധിക്കാത്ത തരത്തിൽ ഈ മാസം 30ന് ഫലം പ്രഖ്യാപിക്കുമെന്ന് എൻടിഎ കോടതിയെ അറിയിച്ചു. റീടെസ്റ്റ് എഴുതാൻ താൽപര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് അവർ നേരത്തെ എഴുതി ലഭിച്ച ഗ്രേസ് മാർക്ക് ഒഴിവാക്കിയ സ്കോർ നൽകും. റീടെസ്റ്റിന് ശേഷം അടുത്ത മാസം ആദ്യവാരം പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കും. പരീക്ഷയിൽ എന്തെങ്കിലും തരത്തിൽ തെറ്റായ പ്രവണതയുണ്ടായാൽ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

കൌൺസിലിംഗ് തടയണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. 67 പേർക്ക് മുഴുവൻ മാർക്കും ലഭിച്ചതോടെയാണ് നീറ്റ് പരീക്ഷ വിവാദത്തിലായത്. ഹരിയാന, ചണ്ഡിഗഡ്, ഛത്തീസ്ഗഡ് അടക്കം സ്ഥലങ്ങളിലെ ആറ് സെന്ററുകളിലെ 1563 പേർക്ക് സമയം ലഭിച്ചില്ലെന്ന് കാട്ടി എൻടിഎ ഗ്രേസ് മാർക്ക് നൽകിയതും വിവാദമായി. ഇതോടെയാണ് ഇക്കാര്യം പരിശോധിക്കാൻ സമിതിയെ നിയോഗിച്ചത്. അടുത്ത മാസം ഈ ഹർജികൾ കോടതി വീണ്ടും പരിഗണിക്കും. 

Tags:    

Similar News