ആശ്രിത നിയമനത്തെ അവകാശമായി കരുതേണ്ടതില്ലെന്നും കേവലം ആനുകൂല്യമാണെന്നും വ്യക്തമാക്കി സുപ്രിംകോടതി . കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള കൊച്ചിയിലെ FACT-യിൽ ആശ്രിതനിയമനം നല്‍കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിർണ്ണായക ഉത്തരവ്. ജസ്റ്റിസുമാരായ എംആര്‍ ഷാ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്.
ഫാക്ടിൽ ജീവനക്കാരനായിരുന്ന പിതാവ് സര്‍വ്വീസിലിരിക്കെ മരണപ്പെട്ടതിനാൽ ആശ്രിത നിയമനം നൽകണം എന്ന് ആവശ്യപ്പെട്ട് യുവതി നൽകിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി. 1995- ലാണ്ഫാക്ടിൽ ജോലി ചെയ്തിരുന്ന യുവതിയുടെ പിതാവ് മരണപ്പെടുന്നത്.14 വർഷത്തിനുശേഷം പ്രായപൂർത്തിയായപ്പോഴാണ് മകൾ ആശ്രിതനിയമനത്തിന് അപേക്ഷിച്ചത്. ജീവനക്കാരൻ മരിക്കുമ്പോൾ ഇദ്ദേഹത്തിൻ്റെ ഭാര്യയ്ക്ക് സംസ്ഥാന ആരോഗ്യവകുപ്പിൽ ജോലിയുണ്ടായിരുന്നു. ഭാര്യ ജോലിചെയ്യുന്നതിനാൽ, മരിച്ചയാളായിരിക്കണം കുടുംബത്തിന്റെ ഏക വരുമാന ആശ്രയമെന്ന നിബന്ധന ഇവരുടെ കാര്യത്തിൽ ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്എസിടി ജോലി അപേക്ഷ തള്ളിയത്.
ഇതിനെതിരെയാണ് മകൾ ഹൈക്കോടതിയെ സമീപിച്ചത്. ആശ്രിത നിയമനത്തിനായുള്ള യുവതിയുടെ ഹര്‍ജി പരിഗണിക്കാന്‍ കമ്പനിയോട് ഹൈക്കോടതി നിർദ്ദശിച്ചു. ഇതിനെതിരെ ഫാക്ട് സുപ്രിംകോടതിയെ സമീപിച്ചു. അപ്പീൽ പരിഗണിച്ച സുപ്രീം കോടതി ആശ്രിത നിയമനത്തിനുള്ള അപേക്ഷ പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റേയും വിധി ശരിവെച്ച ഡിവിഷൻ ബെഞ്ചിൻ്റേയും തീരുമാനത്തിൽ പിഴവുണ്ടെന്ന് വിലയിരുത്തി.