ദില്ലി വിവേക് വിഹാർ ആശുപത്രിയിലെ തീപിടിത്തം; അന്വേഷിക്കാൻ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നൽകി ലെഫ്റ്റനന്‍റ് ഗവർണര്‍

Update: 2024-05-26 10:44 GMT

ദില്ലി വിവേക് വിഹാർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കാൻ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നൽകി ലെഫ്റ്റനന്‍റ് ഗവർണര്‍. അപകടത്തിന് ഉത്തരവാദി ആംആദ്മി പാ‍ർട്ടിയും സർക്കാരുമാണെന്നാണ് ബിജെപിയുടെ ആരോപണം. ദില്ലിയിൽ നവജാത ശിശുക്കൾക്കായുള്ള ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ ഏഴ് കുഞ്ഞുങ്ങളാണ് മരണപെ്പട്ടത്.

അഞ്ചു കുഞ്ഞുങ്ങൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വിവേക് വിഹാറിൽ ചട്ടങ്ങൾ പാലിക്കാതെ രണ്ട് നിലകളിലായി പ്രവർത്തിച്ചിരുന്ന ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയോട് ചേർന്നുള്ള ഓക്സിജൻ സിലിണ്ടർ സംഭരണ കേന്ദ്രത്തിലെ പൊട്ടിത്തെറിക്ക് പിന്നാലെയാണ് തീപിടിത്തം ഉണ്ടായതെന്ന് പ്രദേശവാസികൾ പറയുന്നത്.

നവജാത ശിശുക്കളുടെ ആശുപത്രിക്കൊപ്പം ഓക്സിജൻ റീഫില്ലിങ് കേന്ദ്രവും പ്രവർത്തിച്ചുവെന്ന് പരിക്കേറ്റ സമീപവാസി ആരോപിക്കുകയുണ്ടായി. മാത്രമല്ല പല തവണ പരാതി നൽകിയിട്ടും പോലീസ് നടപടി എടുത്തില്ല. അനധികൃതമായാണ് സംവിധാനം പ്രവർത്തിച്ചിരുന്നതെന്നും പൊട്ടിത്തെറി ഉണ്ടായത് ഓക്സിജൻ റീഫില്ലിങ് മുറിയിൽ നിന്നാണെന്നും ഇദ്ദേഹം ആരോപിച്ചു. അഞ്ച് തവണ പൊട്ടിത്തെറി ഉണ്ടായതായാണ് ദൃക്സാക്ഷികൾ പറയുന്നത്. നവജാത ശിശുക്കളുടെ ആശുപത്രിക്ക് പുറമെ രണ്ട് കെട്ടിടങ്ങളിലും തീ പടർന്നു കയറി. ഒരു വാനും ബൈക്കും പൂർണമായും കത്തി നശിച്ചു. രാത്രി 11.45 ഓടെയാണ് തീപിടിത്തം ഉണ്ടായത്. 

Tags:    

Similar News