ഡൽഹിയിലേക്ക് വെള്ളം ഒഴുക്കിവിട്ടത് മനഃപൂർവമെന്ന് എഎപി; പ്രതികരിച്ച് ഹരിയാന സർക്കാർ

Update: 2023-07-15 05:38 GMT

ഡൽഹി പ്രളയത്തിൽ മുങ്ങിയതിന് കാരണം ഹത്‌നികുണ്ഡ് അണക്കെട്ടിൽനിന്നു 'മനഃപൂർവം' വെള്ളം തുറന്നുവിട്ടതോടെയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചതിനു പിന്നാലെ മറുപടിയുമായി ഹരിയാന സർക്കാർ. എഎപിയുടെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഒരു ലക്ഷം ക്യുസെക്സിനു മുകളിൽ ഒഴുകിയെത്തുന്ന വെള്ളം മറ്റു ഭാഗങ്ങളിലേക്ക് ഒഴുക്കിവിടാനാകില്ലെന്നും ഹരിയാന വ്യക്തമാക്കി. 

കേന്ദ്ര ജല കമ്മിഷൻ (സിഡബ്ല്യുസി) മാർഗനിർദേശം അനുസരിച്ച്, ഒരു ലക്ഷം ക്യുസെക്സിൽ കൂടുതലുള്ള വെള്ളം പടിഞ്ഞാറൻ യമുനയിലേക്കും കിഴക്കൻ യമുന കനാലിലേക്കും ഒഴുക്കിവിടാൻ കഴിയില്ലെന്ന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ട്വിറ്ററിൽ കുറിച്ചു. ഹത്‌നികുണ്ഡ് അണക്കെട്ടിൽ ഒരു ലക്ഷം ക്യുസെക്സിൽ കൂടുതൽ വെള്ളം ഒഴുകിയെത്തിയാൽ പടിഞ്ഞാറൻ യമുനയിലേക്കും കിഴക്കൻ യമുന കനാലിലേക്കും വെള്ളം ഒഴുക്കാനാകില്ലെന്ന് ഹരിയാന മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ ദേവേന്ദ്ര സിങ്ങും പറഞ്ഞു. വലിയ പാറക്കഷണങ്ങൾ ഉൾപ്പെടെ ഒഴുക്കിവിടാൻ സാധിക്കാത്തതിനാലാണ് ഇത്. അങ്ങനെ ചെയ്താൽ അണക്കെട്ടിനു കേടുപാടുകൾ സംഭവിക്കാം. അതിനാൽ കനാലുകളുടെ ഹെഡ് റെഗുലേറ്റർ ഗേറ്റുകൾ അടയ്ക്കുകയും ക്രോസ് റെഗുലേറ്റർ ഗേറ്റുകൾ തുറന്ന് യമുന നദിയിലേക്കു വെള്ളം ഒഴുക്കുകയും ചെയ്യുന്നു.

പടിഞ്ഞാറൻ യമുനാ കനാലിലേക്കും കിഴക്കൻ യമുന കനാലിലേക്കും വെള്ളം തുറന്നുവിടാതെ ഹത്‌നികുണ്ഡ് അണക്കെട്ടിൽനിന്ന് യമുനാ നദിയിലേക്കു വെള്ളം തുറന്നുവിടുകയാണെന്നും അതു ഡൽഹിയിൽ വെള്ളപ്പൊക്കത്തിന് കാരണമാകുന്നതായും ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാക്കൾ ആരോപിച്ചതായി എഎപിയുടെ പേരു പറയാതെ ട്വീറ്റിൽ വ്യക്തമാക്കി. ഇതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും വെള്ളപ്പൊക്ക മുന്നൊരുക്കത്തിന്റെ കാര്യത്തിൽ ഡൽഹി സർക്കാർ അലംഭാവവും കാര്യക്ഷമതയില്ലായ്മയും മറച്ചുവയ്ക്കാൻ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും ദേവേന്ദ്ര സിങ് പറഞ്ഞു.

മുതിർന്ന എഎപി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങ്, എഎപി മുഖ്യ വക്താവ് പ്രിയങ്ക കക്കർ എന്നിവർ കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. ''പ്രളയമുണ്ടായാൽ ഹത്‌നികുണ്ഡ് അണക്കെട്ടിൽ നിന്ന് ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലേക്ക് തുല്യ അളവിലാണ് വെള്ളം തുറന്നുവിടുന്നത്. എന്നാൽ ജൂലൈ 9 മുതൽ 13 വരെ മുഴുവൻ ജലവും ഡൽഹിയിലേക്കാണ് തുറന്നുവിട്ടത്. മൂന്നു സംസ്ഥാനങ്ങളിലേക്കും തുല്യമായാണ് വെള്ളം തുറന്നുവിട്ടിരുന്നതെങ്കിൽ യമുനയോട് ചേർന്നുള്ള ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് പ്രദേശങ്ങൾ സുരക്ഷിതമായേനെ.''- എഎപി നേതാക്കൾ ആരോപിച്ചു.

Tags:    

Similar News