ഡൽഹിയിലെ പരിശീലനകേന്ദ്രത്തിലെ വെള്ളക്കെട്ടിൽ മരിച്ചവരിൽ ഒരു മലയാളി; പ്രതിഷേധവുമായി വിദ്യാർത്ഥികൾ

Update: 2024-07-28 04:21 GMT

ഡൽഹി സിവിൽ സർവീസ് പരിശീലനകേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറി മരിച്ച മൂന്നുപേരിൽ മലയാളി വിദ്യാർഥിയും. എറണാകുളം സ്വദേശി നവീനാണ് മരിച്ചത്. ഡൽഹി പോലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

നവീന് പുറമെ രണ്ട് വിദ്യാർത്ഥിനികളും മരിച്ചിരുന്നു. ഇവരിൽ ഒരാൾ തെലങ്കാന സ്വദേശിയും മറ്റൊരാൾ ഉത്തർപ്രദേശ് സ്വദേശിയുമായിരുന്നു. മൂന്ന് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയെന്നും മരണവിവരം ബന്ധുക്കളെ അറിയിച്ചെന്നും പൊലീസ് വ്യക്തമാക്കി.

ഡൽഹിയിലെ രാജേനന്ദ്രനഗറിലുള്ള റാവൂസ് എന്ന യു.പി.എസ്.സി. പരിശീലന കേന്ദ്രത്തിലാണ് വെള്ളംകയറി വിദ്യാർഥികൾ മരിച്ചത്. അപകടസമയത്ത് 40 ഓളം വിദ്യാർത്ഥികളാണ് അക്കാദമിയുടെ ബേസ്‌മെന്റിലെ ലൈബ്രറിയിൽ ഉണ്ടായിരുന്നത്. പലരും ഇവിടെ നിന്ന് മുകളിലെ നിലയിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ബേസ്‌മെന്റിൽ കുടുങ്ങിയ 14 ഓളം വിദ്യാർത്ഥികളെ പിന്നീട് ഫയർഫോഴ്‌സും എൻഡിആർഎഫ് ഉദ്യോഗസ്ഥരുമെത്തി രക്ഷിച്ചിരുന്നു. കെട്ടിടത്തിലെ വെള്ളം നീക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആദ്യം 2 വിദ്യാർത്ഥിനികളുടെയും രാത്രി വൈകിയാണ് നവീന്റെ മൃതദേഹവും കണ്ടെത്തിയത്.

സംഭവത്തിൽ ഡൽഹി മുനിസിപ്പൽ കോർപറേഷനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇവർ മാർച്ച് നടത്താൻ ശ്രമിച്ചപ്പോൾ പൊലീസ് തടഞ്ഞു. സർക്കാരിനും മുനിസിപ്പൽ കോർപറേഷനുമെതിരെ നിശിത വിമർശനം ഉന്നയിച്ച സ്വാതി മലിവാൾ എംപിയും സ്ഥലത്തെത്തി. ഇവർ വിദ്യാർത്ഥികൾക്കൊപ്പം റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇവരെയടക്കം പ്രതിഷേധക്കാരെ നീക്കാൻ പൊലീസ് ശ്രമിച്ചത് ഉന്തിനും തള്ളിനും കാരണമായി. വിദ്യാർത്ഥികളുമായി പോലീസ് ചർച്ച നടത്തുകയാണ്.

Tags:    

Similar News