'ചീറ്റകൾ ചാകുന്നത് പ്രൊജക്ട് ചീറ്റ പദ്ധതിയുടെ പരാജയം': അഭിമാന പ്രശ്നമാക്കരുതെന്ന് സുപ്രീം കോടതി

Update: 2023-07-20 12:05 GMT

കുനോ ദേശീയ ഉദ്യാനത്തില്‍ ചീറ്റകൾ തുടര്‍ച്ചയായി ചാവുന്നതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. ഒരു വര്‍ഷത്തിനുള്ളില്‍ 40 ശതമാനം ചീറ്റകളും ചാവുന്നത് ഗുരുതര വീഴ്ചയാണെന്നും ചീറ്റകളുടെ സംരക്ഷണത്തിനായി എത്രയും പെട്ടെന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീം കോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു.

ഇന്ത്യയില്‍ എത്തിച്ച ചീറ്റകളില്‍ ഭൂരിഭാഗവും ചാകുന്നത് പ്രൊജക്ട് ചീറ്റ പദ്ധതിയുടെ പരാജയമാണ് സൂചിപ്പിക്കുന്നതെന്നും ഇത് അഭിമാന പ്രശ്‌നമാക്കി മാറ്റരുതെന്നും ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, ജെ.ബി. പര്‍ദിവാല, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ചീറ്റകളെ കൂട്ടത്തോടെ ഒന്നിച്ചു പാര്‍പ്പിക്കുന്നത് എന്തിനാണെന്നും എന്തുകൊണ്ട് മറ്റൊരു ആവാസവ്യവസ്ഥ നിര്‍മിച്ച് ചീറ്റകളെ മാറ്റിപ്പാര്‍പ്പിച്ചുകൂടെന്നും ബെഞ്ച് നിരീക്ഷിച്ചു.

എന്നാല്‍, സ്വാഭാവിക പരിതസ്ഥിതിയില്‍ നിന്ന് മാറുമ്പോള്‍ ചീറ്റകള്‍ ചാവുന്നത് സ്വാഭാവികമാണെന്നും നമീബിയയില്‍ നിന്നെത്തിച്ച ചീറ്റകളില്‍ 50 ശതമാനവും ചത്തേക്കുമെന്ന് നേരത്തെ തന്നെ വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നതായും കേന്ദ്രം കോടതിയെ അറിയിച്ചു.

നാലു മാസത്തിനിടെ കുനോ ദേശീയോദ്യാനത്തില്‍ എട്ടു ചീറ്റകളാണ് ചത്തത്. ആഫ്രിക്കയില്‍ നിന്നെത്തിച്ച 20 ചീറ്റകളില്‍ ബാക്കിയുള്ളത് 15 എണ്ണം. ഇതോടെ പല ഭാഗത്ത് നിന്ന് വലിയ പ്രതിഷേധമാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനെതിരെ ഉയര്‍ന്നത്. അതിനിടെ ചീറ്റകളുടെ കഴുത്തിലെ റേഡിയോ കോളറില്‍ നിന്നുണ്ടായ അണുബാധയാകാം മരണകാരണം എന്ന നിഗമനത്തില്‍ അവ നീക്കംചെയ്യാനുള്ള നടപടിയിലേക്കും കടന്നിരുന്നു.

എന്നാല്‍, റേഡിയോ കോളറില്‍ നിന്നേറ്റ മുറിവല്ല മരണകാരണമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. പ്രൊജക്ട് ചീറ്റ പോലുള്ള പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍ സ്വാഭാവിക കാരണങ്ങളാല്‍ മരണമുണ്ടായാല്‍ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും കൂടുതല്‍ മരണങ്ങളുണ്ടാകിതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നുമായിരുന്നു മധ്യപ്രദേശ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജെ.എസ് ചൗഹാന്റെ പ്രതികരണം.

Tags:    

Similar News