പോളിംഗ് ഡ്യൂട്ടിക്കിടെ സുരക്ഷാ സേനയുടെ കൈവശമിരുന്ന ഗ്രനേഡ് അബദ്ധത്തിൽ പൊട്ടിത്തെറിച്ചു; സിആർപിഎഫ് ജവാന് പരിക്ക്
ഛത്തീസ്ഗഡിലെ ബിജാപൂരിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് സിആർപിഎഫ് ജവാന് പരിക്കേറ്റു. സുരക്ഷാ സേനയുടെ കൈവശമിരുന്ന ഗ്രനേഡ് അബദ്ധത്തിൽ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് നിഗമനം. പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ച ജവാനാണ് പരിക്കേറ്റത്.
സിആർപിഎഫിൻ്റെ 196-ാം ബറ്റാലിയനിലെ ജവാനാണ് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്. ഉസൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗൽഗാം ഗ്രാമത്തിന് സമീപത്തുള്ള ഒരു പോളിംഗ് ബൂത്തിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയാണ് സംഭവമുണ്ടായത്. പരിക്കേറ്റയാൾക്ക് പ്രാഥമിക വൈദ്യചികിത്സ നൽകിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. നക്‌സൽ ബാധിത പ്രദേശമായ ബസ്തർ ലോക്‌സഭാ മണ്ഡലത്തിലാണ് ബിജാപൂർ ജില്ല സ്ഥിതിചെയ്യുന്നത്. ഇവിടെ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിനാണ് ഇന്ന് തുടക്കമായത്. 16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത്. ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ട തമിഴ്‌നാട്ടിൽ, 39 മണ്ഡലങ്ങളിലായി 950 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.
പോളിംഗ് ആരംഭിച്ച രാവിലെ 7 മുതൽ തന്നെ ജനം പോളിംഗ് ബൂത്തിലേക്ക് എത്തിത്തുടങ്ങി. പ്രമുഖരിൽ പലരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മുൻ കേന്ദ്രമന്ത്രി പി.ചിദംബരം, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ, സിനിമാ താരങ്ങളായ രജനികാന്ത്, അജിത്ത്, കമൽ ഹാസൻ, ഖുഷ്ബു, ശിവകാർത്തികേയൻ സംഗീത സംവിധായകൻ ഇളയരാജ തുടങ്ങിയ പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.