'തെലങ്കാനയിൽ ബിജെപിക്ക് ഭരണം കിട്ടിയാൽ ക്രിമിനലുകൾക്ക് നരകം; വീട് ഇടിച്ചുപൊളിക്കും' : ബൻഡി സഞ്ജയ് കുമാർ
തെലങ്കാനയിൽ അധികാരത്തിലെത്തിയാൽ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഉൾപ്പെട്ട എല്ലാ ക്രിമിനലുകളുടെയും വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബൻഡി സഞ്ജയ് കുമാർ. നാമ്പള്ളിയിൽ സംസ്ഥാന മഹിളാ മോർച്ചാ യോഗത്തിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന് അദ്ദേഹത്തിന്റെ മകൾ കവിതയുടെ കാര്യത്തിൽ മാത്രമേ ശ്രദ്ധയുള്ളൂവെന്നും ബിജെപി അധ്യക്ഷൻ കുറ്റപ്പെടുത്തി.
'സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുമ്പോൾ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഉചിതമായ നടപടി കൈക്കൊള്ളാത്തത്? നിർഭാഗ്യവശാൽ തെലങ്കാനയിൽ പ്രതിദിനം സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അരങ്ങേറുകയാണ്. ഇവിടെ ബിജെപി അധികാരത്തിലെത്തിയാൽ, ഈ ക്രിമിനലുകളെ മര്യാദയ്ക്ക് ജീവിക്കാൻ അനുവദിക്കില്ല. അവരുടെ ജീവിതം നരകമാക്കും. വീടുകളും ഇടിച്ചുനിരത്തും' – ഇതായിരുന്നു ബിജെപി അധ്യക്ഷന്റെ വാക്കുകൾ.
'വാറംഗലിൽ മെഡിക്കൽ വിദ്യാർഥിനിയായ പ്രീതിയുടെ മരണത്തിലോ ജൂബിലി ഹിൽസിലെ പീഡനക്കേസിലോ മുഖ്യമന്ത്രി ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല. മുൻപ് ടിഡിപിയെയും കോൺഗ്രസിനെയും ബിആർഎസിനെയും ഇവിടുത്തെ ജനം മാറിമാറി അധികാരത്തിലേറ്റിയിട്ടുണ്ട്. ഇപ്പോൾ ബിജെപിയാണ് നല്ലതെന്ന തിരിച്ചറിവ് അവർക്കുണ്ട്. ബിജെപി അധികാരത്തിലെത്തിയാൽ ഏറ്റവും സുരക്ഷിതമായി ജീവിക്കാമെന്ന ബോധ്യം ഇവിടുത്തെ സ്ത്രീകൾക്കുമുണ്ട്.
മുഖ്യമന്ത്രി കെസിആറിന് അദ്ദേഹത്തിന്റെ മകളുടെ കാര്യത്തിൽ മാത്രമേ ആകുലതയുള്ളൂ. എല്ലാ സംരക്ഷണവും സ്ഥാനമാനങ്ങളും അവർക്കുള്ളതാണ്. ബിആർഎസ് ഗുണ്ടകൾ വൈഎസ്ആർടിപി അധ്യക്ഷ വൈ.എസ്.ഷർമിളയെപ്പോലും അപമാനിക്കുകയാണ്. ഇത്തരം അപമാനങ്ങൾ സഹിച്ച് നിശബ്ദരായിരിക്കേണ്ട കാര്യം നമുക്കില്ല' – ബൻഡി സഞജയ് ചൂണ്ടിക്കാട്ടി.
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ പട്ടാപ്പകൽ കൊലപാതകം നടത്തിയ ഗുണ്ടാനേതാവ് ആതിക് അഹമ്മദിന്റെ അടുത്ത ബന്ധുവിന്റെ വീട് ബിജെപി സർക്കാർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചിരുന്നു. അഭിഭാഷകനായ ഉമേഷ് പാലിനെ വെള്ളിയാഴ്ചയാണ് അക്രമികൾ വെടിവച്ചു കൊന്നത്. അഞ്ച് പേരടങ്ങുന്ന സംഘം അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെയും വെടിവച്ചു കൊന്നിരുന്നു.
കൊലപാതകത്തിന്റെ സൂത്രധാരൻ ആതിക് അഹമ്മദ് ആണെന്നാണ് പൊലീസ് ഭാഷ്യം. ഇയാളുടെ അടുത്ത സുഹൃത്തായ, കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് പറയുന്ന സഫർ അഹമ്മദിന്റെ വീട്ടിലാണ് ബുൾഡോസർ എത്തിയത്. ആതിക്കിന്റെ മകനും ഭാര്യയും ഈ സമയം ഇവിടെയുണ്ടായിരുന്നു.