പഞ്ചാബിൽ 813 തോക്ക് ലൈസൻസുകൾ റദ്ദാക്കി

Update: 2023-03-12 12:25 GMT

പഞ്ചാബിൽ 813 തോക്ക് ലൈസൻസുകൾ സംസ്ഥാന സർക്കാർ റദ്ദാക്കി. സംസ്ഥാനത്തെ തോക്ക് സംസ്കാരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഹോഷിയാപൂരിൽ നിന്ന് 47, പത്താൻകോട്ടിൽ നിന്ന് 199, ലുധിയാന റൂറലിൽ നിന്ന് 87, എസ്.എ.എസ് കസ്ബയിൽ നിന്ന് 235, ഗുർദാസ്പൂരിൽ നിന്ന് 10, കപൂർത്തലയിൽ നിന്ന് ആറ്, ഷഹീദ് ഭഗത് സിംഗ് നഗറിൽ നിന്ന് 48, ഫരീദ്കോട്ടിൽ നിന്ന് 84, സംഗൂരിൽ നിന്ന് 16 എന്നിങ്ങനെയാണ് ലൈസൻസുകളുമാണ് റദ്ദാക്കിയത്. 

ഇതോടൊപ്പം രണ്ടായിരത്തിലധികം ആയുധ ലൈസൻസുകളും റദ്ദാക്കിയിട്ടുണ്ട്. അമൃത്സർ കമ്മീഷണറേറ്റിൽ നിന്നും 27 ആളുകളുടെയും, ജലന്ധർ കമ്മീഷണറേറ്റിൽ നിന്നും 11 ആളുകളുടെയും ആയുധ ലൈസൻസുകൾ ഇതിൽ ഉൾപ്പെടും. പഞ്ചാബിൽ ആകെ 3,73,053 ആയുധ ലൈസൻസുകളാണ് ഉണ്ടായിരുന്നത്. 

നിയമങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ തോക്കുകൾ സൂക്ഷിക്കാവൂവെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. പൊതു ചടങ്ങുകൾ, വിവാഹ ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുമ്പോഴും മതപരമായ സ്ഥലങ്ങൾ സന്ദർശിക്കുമ്പോഴും ആയുധങ്ങൾ കൈവശം വെക്കുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇതോടൊപ്പം അക്രമത്തെയും ആയുധങ്ങളെയും മഹത്വവൽക്കരിക്കുന്നതും നിരോധിക്കും. പഞ്ചാബ് ഗായകൻ സിദ്ദു മൂസെ വാലയുടെ കൊലപാതകത്തെ തുടർന്നാണ് ആയുധങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചത്.

Similar News