'അന്വേഷണത്തോട് സഹകരിച്ച് കുടുംബത്തിൻ്റെ മാനം കാക്കൂ'; പ്രജ്വലിനോട് കുമാരസ്വാമി

Update: 2024-05-21 06:46 GMT

എൻഡിഎ സ്ഥാനാർഥിയും അനന്തരവനുമായ പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാരോപണ കേസിൽ പ്രതികരണവുമായി മുൻ കർണാടക മുഖ്യമന്ത്രിയും ജനതാദൾ നേതാവുമായ എച്ച്ഡി കുമാരസ്വാമി. ലൈംഗികാരോപണ കേസിലെ അന്വേഷണത്തിൽ ഇന്ത്യയിലേക്ക് മടങ്ങി വന്ന് സഹകരിക്കണമെന്ന് പ്രജ്വൽ രേവണ്ണയോട് കുമാരസ്വാമി ആവശ്യപ്പെട്ടു. 

പ്രജ്വൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തണം. പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുമ്പാകെ ഹാജരായി കുടുംബത്തിൻ്റെ അന്തസ്സ് സംരക്ഷിക്കണമെന്നും കുമാരസ്വാമി പറഞ്ഞു. 'നമ്മുടെ കുടുംബത്തിൻ്റെ മാനം രക്ഷിക്കൂ. എസ്ഐടി അന്വേഷണവുമായി സഹകരിക്കൂ. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിന് ഭയപ്പെടണം'- കുമാരസ്വാമി പറഞ്ഞു. നേരത്തെ, പ്രജ്വൽ മാത്രമല്ല കേസിൽ ഉൾപ്പെട്ടിരിക്കുന്നതെന്നും എല്ലാവർക്കുമെതിരെ നടപടിയെടുക്കണമെന്നും എച്ച്ഡി ദേവ​ഗൗഡയും ആവശ്യപ്പെട്ടിരുന്നു. 

അതേസമയം, പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെ സമീപിച്ചിരിക്കുകയാണ് പ്രത്യേകാന്വേഷണസംഘം. പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടും ഒരു വിവരവും കിട്ടാതായ സാഹചര്യത്തിലാണിത്. നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്ന് കാട്ടി വിദേശകാര്യമന്ത്രാലയത്തിന് അന്വേഷണസംഘത്തലവനും എഡിജിപിയുമായ ബികെ സിംഗ് കത്ത് നൽകി. പ്രജ്വലിനെതിരെ അറസ്റ്റ് വാറണ്ട് നിലവിലുള്ളതിനാൽ പാസ്പോർട്ടിന്‍റെ നയതന്ത്ര പരിരക്ഷ റദ്ദാക്കണമെന്നാണ് ആവശ്യം. 

നിലവിൽ പ്രജ്വൽ ജർമനിയിലുണ്ടെന്നല്ലാതെ എവിടെയാണെന്ന് എസ്ഐടിക്ക് വിവരമില്ല. ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ച ശേഷം പ്രജ്വൽ വിമാനത്താവളങ്ങൾ വഴി എങ്ങോട്ടും സഞ്ചരിച്ചതായും വിവരം ലഭിച്ചിട്ടില്ല. നേരത്തേ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കാൻ കോടതി ഉത്തരവ് വേണമെന്നാണ് വിദേശകാര്യമന്ത്രാലയം ഇതേക്കുറിച്ച് പ്രതികരിച്ചത്. പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാരോപണ കേസ് കർണാടക പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘമായ എസ്ഐടി ആണ് അന്വേഷിക്കുന്നത്. നിലവിൽ പ്രജ്വൽ ജർമ്മനിയിലുണ്ടെന്നാണ് കരുതുന്നത്. ലൈംഗികാരോപണ കേസ് പുറത്ത് വന്നതോടെ പ്രജ്വൽ വിദേശത്തേക്ക് കടക്കുകയായിരുന്നു. 

Tags:    

Similar News