സമവായ നീക്കം ഫലം കണ്ടില്ല ; ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുടെ ക്ഷണം നിരസിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ
കൂടിക്കാഴ്ചയ്ക്കുള്ള ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുടെ ക്ഷണം വീണ്ടും നിരസിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഡൽഹിക്ക് പുറത്തായതുകൊണ്ട് കൂടിക്കാഴ്ചയ്‌ക്കെത്താൻ കഴിയില്ലെന്നാണ് ഖാർഗെ അറിയിച്ചത്. സഭയുടെ സംരക്ഷകനാണ് ചെയർമാൻ. പാർലമെന്ററി അവകാശങ്ങൾ സംരക്ഷിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണ്. പ്രതിപക്ഷത്തോട് കൂടിയാലോചിക്കാതെ ബില്ലുകൾ പാസാക്കിയത് ഏറെ വേദനിപ്പിച്ചെന്നും ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
സ്പീക്കർ സഭയുടെ സംരക്ഷകനാണ്. സഭയുടെ അന്തസ്സ് നിലനിർത്തുന്നതിനും പാർലമെന്ററി പ്രത്യേകാവകാശങ്ങൾ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിലും സ്പീക്കർ മുൻഗണന കൊടുക്കണമെന്ന് ഖാർഗെ കത്തിൽ പറഞ്ഞു.
സഭ തടസ്സപ്പെടുത്തിയത് ആസൂത്രിതവും തന്ത്രപരവുമാണെന്നായിരുന്നു പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയുള്ള ഉപരാഷ്ട്രപതിയുടെ വിമർശനം. ഈ സഭാ കാലയളവിൽ സഭ തടസപ്പെടുത്തിയതിൽ മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ ആസൂത്രിത പങ്ക് ചൂണ്ടിക്കാട്ടി അപമാനിക്കാൻ താനില്ലെന്നും ചർച്ചയ്ക്ക് തയ്യാറാണെന്നും ധൻഖർ പറഞ്ഞു. തുടർന്നാണ് ഡിസംബർ 25ന് കൂടിക്കാഴ്ച നടത്താമെന്ന് കാട്ടി ധൻകർ ഖാർഗെയെ ക്ഷണിച്ചത്.
ഖാർഗെയുടെ നിലപാടിന് വിരുദ്ധമായി മുദ്രാവാക്യം വിളിച്ചും പ്ലക്കാർഡുകൾ ഉയർത്തിയും സഭാ നടുത്തളത്തിൽ പ്രവേശിച്ചും സഭയിൽ നടത്തിയ ബോധപൂർവമായ ക്രമക്കേടാണ് പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തതിന് കാരണമെന്ന് ജഗ്ദീപ് ധൻകർ പറഞ്ഞിരുന്നു. സർക്കാരിന്റെ സ്വേച്ഛാധിപത്യവും ധിക്കാരപരവുമായ മനോഭാവത്തെ ന്യായീകരിക്കുകയാണ് നിർഭാഗ്യവശാൽ ഉപരാഷ്ട്രപതി ചെയ്യുന്നതെന്നായിരുന്നു ഖാർഗെയുടെ പ്രതികരണം. 146 പ്രതിപക്ഷ അംഗങ്ങളെയാണ് സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുന്നത്.