വിലക്ക് നേർപ്പിച്ചു: കോൺഗ്രസ് പ്രവർത്തകർക്ക് മദ്യം ആവാം

Update: 2023-02-26 05:38 GMT

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇനി ധൈര്യമായി മദ്യപിക്കാം. മദ്യപിക്കുന്നതിനു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക്  പാര്‍ട്ടി ഏര്‍പ്പെടുത്തിയ നിരോധനത്തിനു ഇളവ് ഏര്‍പ്പെടുത്തി. മദ്യം ഉപയോഗിക്കരുതെന്ന പാര്‍ട്ടി ഭരണഘടനയിലെ വ്യവസ്ഥ ഒഴിവാക്കുന്നതിന് പ്ലീനറി സമ്മേളനം അംഗീകാരം നല്‍കി. എന്നാല്‍ മറ്റു ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള കര്‍ശന വിലക്ക് തുടരും.

കോണ്‍ഗ്രസില്‍ ഇനി ഡിജിറ്റല്‍ മെമ്പര്‍ഷിപ് മാത്രമാകും ഉണ്ടാവുക. 2025 ജനുവരി ഒന്നിന് ഈ രീതി പ്രാബല്യത്തില്‍ വരും. അംഗത്വ അപേക്ഷയില്‍ ഇനി പിതാവിന്റെ പേരിനു പുറമെ അപേക്ഷകന്റെ മാതാവിന്റെയും ഭാര്യയുടെയും പേര് ഉള്‍പ്പെടുത്തണം. സംഭാവനകളും ഓണ്‍ലൈനിലായിരിക്കും. ഇതടക്കം കോണ്‍ഗ്രസ് ഭരണഘടനയില്‍ ചെറുതും വലുതുമായ 85 ഭേദഗതികളാണ് വരുത്തിയത്.

മൂന്ന് ദിവസമായി തുടരുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് സമാപനം. കൃഷി, സമൂഹിക നീതി, വിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ ഇന്ന് പ്രമേയം അവതരിപ്പിക്കും. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടുകള്‍, തൊഴിലില്ലായ്മ, അസമത്വം തുടങ്ങിയ വിഷയങ്ങളില്‍ ശക്തമായ നിലപാട് പാര്‍ട്ടി സ്വീകരിക്കും.

 

Similar News